വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

06:15 am 12/11/2016

ഡോ. ജോര്‍ജ് എം കാക്കനാട്ട്
Newsimg1_88922620
കൊളംബോ: അഖില ലോക മലയാളികളെ ഐക്യത്തിന്റെ മന്ത്ര ചരടില്‍ കോര്‍ത്തിണക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലെ ധന്യവേദിയില്‍ നവംബര്‍ 10-ാം തീയതി മുപ്പതോളം രാജ്യങ്ങളില്‍ നിന്നെത്തിയ കൗണ്‍സില്‍ പ്രതിനിധികളുടെയും ശ്രീലങ്കന്‍ മലയാളികളുടെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കപ്പെട്ടത്.

“”ഈടുറ്റ പ്രവര്‍ത്തന പാരമ്പര്യം കൊണ്ട് ആഗോള മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന് 21 വയസ്സായപ്പോള്‍ ചില ആഭ്യന്തര പ്രശ്‌നങ്ങളെ അതിജീവിച്ച് അതിശക്തമായി തിരിച്ചു വന്നിരിക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയുന്നു. ശ്രീലങ്കയുടെ മണ്ണില്‍ അരങ്ങേറുന്ന ഈ സമ്മേളനം സംസ്കാരങ്ങളുടെ ഒത്തുചേരലാണ്, സ്‌നേഹസമന്വയമാണ്. ഈ കൂട്ടായ്മ എന്തുകൊണ്ടും പ്രസക്തവുമാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മലയാളികള്‍ ഇവിടെ ഒരുമയുടെ കാഹളമൂതി സംഗമിക്കുമ്പോള്‍ ഈ മഹാ പ്രസ്ഥാനത്തിന്റെ പ്രസക്തിയും അതിന്റെ ആര്‍ജവവും ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു…” മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റ് അംഗമായ റിച്ചാര്‍ഡ് ഹേ ആണ് മുഖ്യ പ്രഭാഷണം നടത്തിയത്. പ്രവാസ ഭൂമിയില്‍ തങ്ങളുടേതായ സാന്നിദ്ധ്യമറിയിച്ച മലയാളി സമൂഹത്തിന്റെ വിവിധങ്ങളായ അഭിപ്രായ സമന്വയത്തിനും ഭാവനാ പൂര്‍ണമായ ഭാവി പരിപാടികള്‍ക്കും കൂടുതല്‍ ഉത്തേജനം നല്‍കുന്നതാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കൊളംബോ കോണ്‍ഫറന്‍സ്. ലോകമെങ്ങുമുള്ള മലയാളികളുടെ കൂട്ടായ്മ ശക്തമാക്കാനും പുതു തലമുറകള്‍ക്കിടയില്‍ സൗഹൃവും സഹകരണവും ഊട്ടിയുറപ്പിക്കുവാനും ഇത്തരം സമ്മേളനങ്ങള്‍ക്ക് സാധിക്കുമെന്ന് റിച്ചാര്‍ഡ് ഹെ പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ലോക നേതാക്കളായ ഡോ. പി.എ ഇബ്രാഹിം ഹാജി, ജോളി തടത്തില്‍, ആന്‍ഡ്രൂ പാപ്പച്ചന്‍, അനോജ് കുമാര്‍, ബേബി മാത്യു സോമതീരം, അബ്ദുള്‍ കരീം, മാത്യു ജേക്കബ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോസഫ് കിള്ളിയാന്‍ സ്വാഗതവും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മൂസാ കോയ നന്ദിയും പറഞ്ഞു. യോഗത്തില്‍ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ട്രഷറര്‍ ഷാജി വര്‍ഗിസ് മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.