ഷിക്കാഗോ കബ്‌സിന്റെ വിജയം : ഷിക്കാഗോ മലയാളികളും അത്യാവേശത്തില്‍

04:08 pm 6/11/2016

– അനില്‍ മറ്റത്തിക്കുന്നേല്‍
Newsimg1_3027508
ഷിക്കാഗോ: 108 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷിക്കാഗോയിലെ സുപ്രസിദ്ധമായ ഷിക്കാഗോ കബ്‌സ് അത്യന്തം ആവേശഭരിതമായ ഏഴാമത്തെ മത്സരത്തില്‍ മേജര്‍ ലീഗ് ബേസ്‌ബോളിന്റെ വേള്‍ഡ് സീരീസ് ചാമ്പ്യന്‍ പട്ടം നേടിയപ്പോള്‍ ഷിക്കാഗോയിലെ മലയാളികളും മുന്‍പിങ്ങുമില്ലാത്ത വിധത്തില്‍ തന്നെ ആവേശപൂര്‍വ്വമായ ആഘോഷങ്ങളില്‍ പങ്കാളികളായി. ഷിക്കാഗോയിലെ മലയാളികളില്‍ ഭൂരിഭാഗവും താമസിക്കുന്ന ഷിക്കാഗോയുടെ നോര്‍ത്ത് ഏരിയായുടെ സ്വന്തം ടീമുകൂടിയായ കബ്‌സ് വേള്‍ഡ് സീരീസില്‍ കളിക്കുവാന്‍ യോഗ്യത നേടിയപ്പോള്‍ തന്നെ നിരവധി ഷിക്കാഗോ മലയാളികള്‍ കബസിന്റെ ജേഴ്‌സികളും തൊപ്പികളും അണിഞ്ഞുകൊണ്ട് ജോലിസ്ഥലങ്ങളില്‍ പോലും തങ്ങളുടെ ആവേശം പ്രകടിപ്പിച്ചിരുന്നു. വാശിയേറിയ മത്സരം നിരവധി പേര്‍ വീടുകളിലും കൂട്ടായ്!മകളിലും ഒരുമിച്ചു കൂടി വീക്ഷിച്ചു. ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബ് തുടങ്ങി മലയാളി കോട്ടയം വേദികളെല്ലാം തന്നെ ചരിത്ര വിജയത്തിന് സാക്ഷികളായി. ക്‌ളീവ്‌ലാന്‍ഡ് ഇന്ത്യന്‍സിനെ ഓവര്‍ടൈം ഇന്നിങ്‌സില്‍ ഒരു റണ്ണിന് പരാജയപ്പെടുത്തിയത് ഷിക്കാഗോ കബസിന്റെ 108 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു എന്നും ഈ ചരിത്ര മുഹൂര്‍ത്തത്തതിന് സാക്ഷിയാകാന്‍ അവസരം ലഭിച്ചത് ഒരു അനുഗ്രഹം ആണ് എന്നും വര്ഷങ്ങളായി മുടങ്ങാതെ ഷിക്കാഗോ കബ്‌സിന്റെ എല്ലാ മത്സരങ്ങളും കാണുന്ന ഫെബിന്‍ കണിയാലില്‍ അഭിപ്രായപ്പെട്ടു. ഷിക്കാഗോയുടെ കായിക ഭൂപടത്തില്‍ ഒരു വലിയ ചരിത്രമാണ് ഷിക്കാഗോ കബ്‌സ് കുറിച്ചിരിക്കുന്നത് എന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.

വിജയത്തിന് ശേഷം 5 മില്യണ്‍ ആളുകള്‍ പങ്കെടുത്ത ചരിത്രം തിരുത്തിക്കുറിച്ച പരേഡിലും നിരവധി മലയാളികളാണ് പങ്കെടുത്തത്. ഷിക്കാഗോ കബ്‌സിന്റെ വ്രിഗ്ലി ഫീല്‍ഡില്‍ നിന്നും ഷിക്കാഗോയുടെ ഹൃദയഭാഗമായ ഗ്രാന്റ് പാര്‍ക്കിലേക്ക് നടത്തിയ പരേഡ് ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത പരിപാടികളില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഷിക്കാഗോയെ അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലാക്കി മാറ്റിയ ആഘോഷങ്ങളുടെ ഭാഗമായി പല സ്കൂളുകളും അവധി പ്രാഖ്യാപിക്കുകയും സ്കൂളുകളില്‍ പരേഡ് തത്സമയം വീക്ഷിക്കുവാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുകയും ചെയ്തിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപെട്ട ഒബാമ ഷിക്കാഗോയില്‍ വച്ച് പ്രസംഗിച്ച വേദിയില്‍ ഇത്തവണ കാലുകുത്തുവാന്‍ പോലും ഇടമില്ലതെയാണ് ജനങ്ങള്‍ തിങ്ങി നിറഞ്ഞത്. എന്നാല്‍ ഒരു അനിഷ്ട സംഭാവനഗല്‍ പോലും ഇല്ലാതെ ആഘോഷങ്ങള്‍ തികച്ചും സൗഹാര്‍ദ്ദപരമായി പര്യവസാനിച്ചു എന്നത് ഷിക്കാഗോയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വസ്തുതയായി മാറി. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.