വര്‍ദ്ധിതവീര്യത്തോടെ, പുത്തന്‍ ലക്ഷ്യങ്ങളോടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കൊളംബോ കോണ്‍ഫറന്‍സ്

04:09 pm 6/11/2016
Newsimg1_6571958
ന്യുയോര്‍ക്ക്: പുതിയ പ്രതിജ്ഞകളും പുത്തന്‍ ലക്ഷ്യങ്ങളുമായി കര്‍മ്മമണ്ഡലത്തില്‍ മുന്നേറുകയാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ സംസ്കാരിക-സേവന പ്രതീകമായ വേള്‍ഡ് മലയാളി കൗണ്‍സില്‍.

21 വര്‍ഷം മുന്‍പ് രൂപീകൃതമായ ഈ സംഘടന ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനത്തിന്റെ പ്രതീകമാണ്. സേവനമേഖലയില്‍ മാതൃകാപരമായ നാഴികക്കല്ലുകള്‍ സ്ഥാപിച്ച് മലയാണ്മയുടെ സംസ്കൃതി പ്രവാസനാടുകളില്‍ കാത്തുസൂക്ഷിച്ച് സംസ്കാരസമ്പന്നമായ സംഘടനാപ്രവര്‍ത്തനമാണ് വേള്‍ഡ്മലയാളി കൗണ്‍സില്‍ കാഴ്ചവയ്ക്കുന്നത്

ഇടക്കാലത്ത് ചില തത്പരകക്ഷികള്‍ നടത്തിയ പ്രതിലോമ പ്രവര്‍ത്തനങ്ങളുടെ കറുത്ത ഭൂതകാലം കുടഞ്ഞെറിഞ്ഞ് സമ്പന്നമായ മലയാളി സംസ്കാരത്തിന്റെ പതാകവാഹരായി കര്‍മ്മമണ്ഡലത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. ലോകത്താകെ ചിതറിക്കിടക്കുന്ന പ്രവാസി മലയാളികള്‍ അടക്കമുള്ള മലയാളികള്‍ക്കെല്ലാം ഒന്നു ചേര്‍ന്ന് പ്രവൃത്തിക്കാനുള്ള ഏക പ്ലാറ്റ്‌ഫോം ആണ് ഈ കൂട്ടായ്മ. മഹിതമായ ലക്ഷ്യത്തോടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആരംഭിക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്ത ആദ്യകാല നേതാക്കളടക്കമുള്ളവര്‍ 2016 നവംബര്‍ 10-13 വരെ കൊളംബോയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.
വിട്ടുവീഴ്ചയില്ലാതെ ജനാധിപത്യമൂല്യങ്ങളിലൂന്നി മലയാളികളുടെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും ആശയവിനിമയത്തിനുമായി പുതിയ പ്രതിജ്ഞയോടെ വര്‍ദ്ധിതവീര്യത്തോടെയാണ് പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയ്ക്ക് സമീപമുള്ള നിഗോംബോയിലെ ജെറ്റ്‌വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലില്‍ സംഘടിപ്പിച്ചിട്ടുള്ളത്

അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്‍ഡ്യ തുടങ്ങിയുള്ള ആറു റീജിയണുകളിലെ 37 പ്രവശ്യകളില്‍ നിന്നുള്ള 250ലധികം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലപിള്ള, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ മാത്യൂ ജേക്കബ്, സഹ കണ്‍വീനര്‍മാരായ ജോളി തടത്തില്‍ സാം മാത്യൂ, ജനറല്‍ സെക്രട്ടറി ജോസഫ് കിള്ളിയാന്‍ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അടുത്ത രണ്ട് വര്‍ഷത്തെയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടക്കും.

ലോകമെമ്പാടുമുള്ള മലയാളി ബിസിനസുകാരുടെ കൂട്ടായ്മ ലക്ഷ്യമിടുന്ന”വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സി’ന്റെ ഉദ്ഘാടനവും കോണ്‍ഫറന്‍സില്‍ വച്ച് നടക്കും. എല്ലാവര്‍ഷവും ജുലൈ-ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ വച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവാസി മലയാളികളുടെ സംഗമംത്തെ കുറിച്ചുള്ള വിശദാംശങ്ങളും കോണ്‍ഫറന്‍സില്‍ തീരുമാനിക്കും. കേരളത്തില്‍ ആരംഭിക്കാനിരിക്കുന്ന “വേള്‍ഡ് മലയാളി സെന്റര്‍’, “മലയാളി ഹിസ്റ്ററി മ്യൂസിയം തുടങ്ങിയ സംരംഭങ്ങളെ കുറിച്ചുള്ള തീരുമാനവും കൊളംബോ കോണ്‍ഫറന്‍സില്‍ ഉണ്ടാകുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായ 1995 ജൂലൈ മൂന്ന് മുതല്‍ ആരംഭിച്ച ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടയ്മ ശക്തമാക്കാനും വരും തലമുറകള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും മലയാളി മൂല്യങ്ങളും സംരക്ഷിക്കാന്‍ ഉതകുന്ന ക്രിയാത്മക സാഹചര്യം സൃഷ്ടിക്കാനുമുള്ള നടപടികള്‍ക്ക് കൊളംബോ കോണ്‍ഫറന്‍സില്‍ അന്തിമരൂപം നല്‍കും.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ആരംഭിക്കുന്ന ‘വേള്‍ഡ് മലയാളി സെന്റ”റും മലയാളി ഹിസ്റ്ററി മ്യൂസിയവും മലയാളികളുടെ ഒത്തു കൂടലിനും കേരളത്തിന്റെ പൈതൃകത്തെ മനസ്സിലാക്കുന്നതിനുമുള്ള നൂതനമായ ചുവട്‌വയ്പ്പാണെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
100 ലധികം രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുടെ സ്വത്വം തലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുന്നതിനുതകുന്ന സഹകരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന സംവിധാനമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ . ഇതൊരു പ്രവാസി സംഘടനയല്ല. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കൈകോര്‍ക്കാനുള്ള വേദിയാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കള്‍ ലക്ഷ്യമിട്ടതും അതാണ്.

ഇതിനിടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗുഡ്‌വില്‍ ദുരുപയോഗം ചെയ്യുന്ന വിമതപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ വിഭാഗിയതകള്‍ക്കും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കും അതീതമായി മലയാളികളുടെ സാംസ്കാരിക സംരക്ഷണത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണ്. കൊളംബോ കോണ്‍ഫറന്‍സ് ഈ ദിശയിലുള്ള ദൃഢമായ കാല്‍വയ്പ്പായിരിക്കുമെന്ന് പബ്ലിസിറ്റി/പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കാക്കനാട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.