ഷിക്കാഗോ മാരത്തണില്‍ അഭിമാനമായ മലയാളികളെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു

08:36 am 11/10/2016
Newsimg1_73778013
ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണില്‍ പങ്കെടുത്തു അഭിമാനകരമായ പ്രകടനം കാഴ്ചവെച്ച കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികളായ സോജന്‍ ജോസഫിനെയും എബി മാത്യു വിനേയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുമോദിച്ചു.

ഒക്ടോബര്‍ 9 -നു ഞായറാഴ്ച രാവിലെ ഷിക്കാഗോയിലെ പ്രശസ്തമായ ഗ്രാന്റ് പാര്‍ക്കില്‍ ആരംഭിച്ച് ഗ്രാന്റ് പാര്‍ക്കില്‍ തന്നെ അവസാനിച്ച പ്രശസ്തമായ ഷിക്കാഗോ മാരത്തണില്‍ പങ്കാളിയായി മലയാളികള്‍ക്ക് അഭിമാനമായത് യു കെ യിലെ കെന്റില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫും, നിലമ്പൂര്‍ സ്വദേശി എബി മാത്യുവുമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആറു മാരത്തോണ്‍ മത്സരങ്ങയില്‍ ഒന്നാണ് എല്ലാവര്‍ഷവും ഷിക്കാഗോയില്‍ നടക്കുന്നത്. ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് , ലണ്ടന്‍, ബെര്‍ലിന്‍, ടോക്കിയോ എന്നിവിടങ്ങളില്‍ ആണ് മറ്റു അഞ്ചു മത്സരങ്ങള്‍. ഈ കഴിഞ്ഞ ദിവസം ഷിക്കാഗോയില്‍ നടന്ന മരത്തോണില്‍ 40,400 പേര്‍ ആണ് പങ്കെടുത്തത് . ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും 40 ആളുകള്‍ പങ്കെടുത്തു. അതില്‍ ഇവര്‍ രണ്ടു മലയാളികളും ഉണ്ടായിരുന്നുവെന്നത് അഭിമാന കാര്യമാണെന്ന് സി.എം.എ ഹാളില്‍ അവര്‍ക്കു സ്വീകരണം നല്‍കികൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അമ്പേനാട്ട് അഭിപ്രായപ്പെട്ടു . ബിജി സി മാണി, രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്, അനില്‍ മറ്റത്തില്‍കുന്നേല്‍,ഫിലിപ്പ് ആലപ്പാട്ട്, സൈബു അലക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു .

ഇതിനു മുമ്പ് കഴിഞ്ഞ സെപ്തംബറില്‍ ബര്‍ലിനില്‍ നടന്ന 42 മാത് മാരത്തണ്‍,, ഏപ്രിലില്‍ നടന്ന പാരീസ് മാരത്തണ്‍ , ലണ്ടന്‍, എഡിന്ബറോ, ഡബ്‌ളിന് എന്നിവയടക്കം നിരവധി മാരത്തണ്‍ ഓട്ടങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങളോടെ ആര്‍ജ്ജിച്ച അനുഭവ സമ്പത്തുമായാണ് കൈപ്പുഴ സ്വദേശി സോജന്‍ ജോസഫ് ഷിക്കാഗോ മാരത്തണില്‍ പങ്കെടുത്തത് . ലണ്ടന്‍ മലയാളിയായ സോജന്‍ ജോസഫ് 4 മണിക്കൂര്‍ 45 മിനിറ്റുകൊണ്ടാണ് ബര്‍ലിന്‍ മാരത്തണ്‍ (42.195 കി.മീ) ഫിനീഷ് ചെയ്തത്. കഴിഞ്ഞ 14 വര്‍ഷമായി കുടുംബസമേതം കെന്റില്‍ താമസിയ്ക്കുന്ന സോജന്, ഗ്‌ളോബല്‍ മലയാളി ഫെഡറേഷന് യൂറോപ്പ് റീജിയന് പ്രസിഡന്റുകൂടിയാണ്.

സോജന്റെ സഹ ഓട്ടക്കാരനായ എബി മാത്യു നിലമ്പൂര്‍ സ്വദേശിയാണ്. കെന്റില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി താമസിക്കുന്ന എബിയുടെ മൂന്നാമത് മാരത്തണ്‍ ആണ് ഷിക്കാഗോയിലേത്. ഇതിനു മുന്‍പ് പാരീസ് മാരത്തനിലും എഡിന്‍ബര്‍ഗ് മാരത്തണിലും എബി പങ്കെടുക്കുകയും ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

സ്‌പോര്‍ട്‌സ് മുഖേന ആരോഗ്യം കാത്തുസൂക്ഷിയ്ക്കാന് വരുംതലമുറയ്ക്ക് പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവ ഓട്ടക്കാര്‍ മാരത്തണില്‍ പങ്കാളി ആയത്. ഒരു അത്‌ലറ്റിക്ക് പശ്ചാത്തലവും ഇല്ലാതെ 38 വയസ്സിന് ശേഷം ഇത്രയും പ്രയാസമേറിയ കായിക ഇനത്തിലേക്ക് ശ്രദ്ധ ഊന്നുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു എന്ന് സോജന്‍ ജോസഫ് അനുസ്മരിച്ചു. എന്നാല്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയും ചിട്ടയായ പരിശീലനവും ഭക്ഷണ രീതികളും കൊണ്ട് ഈ കായിക ഇനത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തം കയ്യൊപ്പു ചാര്‍ത്തുവാന്‍ തനിക്കായതില്‍ ദൈവത്തിന് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. മധ്യവയസ്സിലേക്ക് എത്തുമ്പോള്‍ വ്യായാമത്തിന്റെ കുറവ് കൊണ്ടും ഭക്ഷണ രീതിയുടെ അപര്യാപ്തത കൊണ്ടും നിരവധി മലായാളി സുഹൃത്തുക്കള്‍ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു എന്നുള്ള യാഥാര്‍ഥ്യം മനസ്സിലേക്ക് എത്തിയപ്പോള്‍, വ്യായാമത്തിന്റെ ആവശ്യകതയെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിലേക്ക് തിരിഞ്ഞത് എന്ന് അദ്ദേഹം അനുസ്മരിച്ചു. നിരവധി ചാരിറ്റികള്‍ക്ക് വേണ്ടി കൂടി ഓട്ടത്തില്‍ പങ്കെടുത്തിട്ടുണ്ട്. തുടക്കത്തില്‍ ഈ ഉദ്യമത്തില്‍ തനിയെ ആയിരുന്നു എങ്കില്‍, ഇപ്പോള്‍ നിരവധി സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കുവാനും കൂടെ പങ്കെടുക്കുവാനും മുന്നോട്ടു വരുന്നുണ്ട് എന്നത് സന്തോഷം പകരുന്നു എന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്പിന് വെളിയിലെ സോജന്റെയും എബിയുടെയും ആദ്യത്തെ മാരത്തണ്‍ കൂടിയാണ് ഇത്.

സോജന്‍ 5 മണിക്കൂര്‍ 32 മിനുട്ടും എബി 5 മണിക്കൂര്‍ 18 മിനിറ്റ് കൊണ്ടും ഈ മാരത്തോണ്‍ പൂര്‍ത്തിയാക്കി. ജിമ്മി കണിയാലി അറിയിച്ചതാണിത്.