ഹിലരിയെ ജയിലടയ്ക്കുമെന്ന് ട്രമ്പ്

08;35 am 11/10/2016

പി.പി. ചെറിയാന്‍
Newsimg1_25035720
സെന്റ് ലൂയീസ്: ഒക്‌ടോബര്‍ ഒമ്പതിനു നടന്ന സ്ഥാനാര്‍ത്ഥികളുടെ അഭിമുഖം പരസ്പരം വ്യക്തിഹത്യ നടത്തുന്ന തലത്തിലേക്ക് അധ:പതിച്ചതായി സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇമെയില്‍ വിവാദത്തില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ ഹലരിയെ ജയിലാക്കുമെന്ന ട്രമ്പിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് ഇടയാക്കി. പതിനൊന്നു വര്‍ഷം മുമ്പ് നടന്ന ട്രമ്പിന്റെ സ്വകാര്യ സംഭാഷണത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വാചകങ്ങളും, ഹിലരിയുടെ ഇമെയില്‍ വിവാദവും കത്തിപ്പടര്‍ന്ന അഭിമുഖം ആത്മാഭിമാനമുള്ളവര്‍ക്ക് കേട്ടിരിക്കുക അസഹനീയമായിരുന്നു.

ഹിലരിയുടെ കെടുകാര്യസ്ഥതയെക്കുറിച്ചും സത്യസന്ധതയില്ലായ്മയെക്കുറിച്ചും ട്രമ്പ് ആവര്‍ത്തിക്കുകയും, സ്ഥിരം നുണയനാണെന്നു സര്‍ത്ഥിക്കുവാന്‍ ശ്രമിച്ചപ്പോള്‍, സ്ത്രീകളെ അപമാനിക്കുകയും, അഭയാര്‍ത്ഥികള്‍ക്കു പ്രവേശനം നിഷേധിക്കുകയും, അമേരിക്കന്‍ ജനതയെ അപഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ട്രമ്പെന്നു സമര്‍ത്ഥിക്കുവാന്‍ ഹിലരിയും ശ്രമിക്കുന്നതു കൗതുകത്തോടെയാണ് കാണികള്‍ വീക്ഷിച്ചത്.

ഇതിനിടയിലാണ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെക്കപ്പെട്ടാല്‍ ആദ്യമായി ഹിലരിയുടെ ഇമെയില്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും, കുറ്റക്കാരിയാണെന്നു കണ്ടെത്തിയാല്‍ പ്രോസിക്യൂട്ട് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്നും ട്രമ്പ് വെളിപ്പെടുത്തിയത്. ട്രമ്പിന്റെ പരാമര്‍ശം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചതെങ്കിലും അമേരിക്കന്‍ സംസ്കാരത്തിന് ഇത് വിരുദ്ധമാണെന്നു സാംസ്കാരിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.