സക്കീർ ഹുസൈൻ നിയമത്തിനുമുന്നിൽ കീഴടങ്ങണം– കോടിയേരി

01:08 pm 15/11/2016
download (2)
തിരുവനന്തപുരം: കൊച്ചയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ സി.പി.എം കളമശ്ശേരി മുൻ ഏരിയാ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ പൊലീസിനു മുൻപാകെ കീഴടങ്ങണമെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുണ്ടാകേസിൽ ആരോപണവിധേയനായ സക്കീർ നിയമത്തിനു മുന്നിൽ ഹാജരാകണം. കഴിഞ്ഞദിവസം സക്കീർ ഹുസൈൻ പാർട്ടി ഓഫിസിലെത്തിയത് പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന ഹൈകോടതി ഉത്തരവിന് പിന്നാലെയാണ്​ സക്കീര്‍ഹുസൈന്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിയത്. ഇതോടെ പൊലീസും നിരവധി ഓഫിസ് പരിസരത്തേക്ക് എത്തി. രണ്ടാഴ്ചയോളമായി ഒളിവില്‍ കഴിയുന്ന സക്കീര്‍ വിധി പുറത്തു വന്നതിനു പിന്നാലെ മൂന്ന് മണിയോടെയാണ് പാര്‍ട്ടി ഓഫിസിലെത്തിയത്​.

പാര്‍ട്ടി ഓഫിസ് പരിസരത്ത് സ്പെഷല്‍ ബ്രാഞ്ച് പൊലീസ്​ എത്തിയതോടെ അറസ്​റ്റ്​ ഉണ്ടാകുമെന്ന്​ അഭ്യൂഹമുണ്ടായി. എന്നാൽ ഉന്നതരിൽ നിന്നും അനുമതി കിട്ടാതെ അറസ്​റ്റ്​ കഴിയില്ലെന്നായി പൊലീസ്​.

ഏരിയ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ടി.കെ. മോഹനന്‍ ഓഫിസിലത്തെി അടിയന്തര യോഗം ചേരുകയും തുടർന്ന്​ സക്കീര്‍ഹുസൈന്‍ പാര്‍ട്ടി ഓഫിസിനകത്തുണ്ടെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഏഴു ദിവസത്തിനകം കീഴടങ്ങാനാണു കോടതി നിർദേശമെന്നും ഭാവികാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കുമെന്നും ​മോഹനൻ വ്യക്തമാക്കി.