സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി

11.44 AM 06-09-2016
supreme_court_NEW_760x400
ദില്ലി: സര്‍ക്കാര്‍ നയങ്ങളെയും സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി. അപകീര്‍ത്തി, രാജ്യദ്രോഹ കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പിന്തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റീസ് ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
സന്നദ്ധസംഘടനയായ കോമണ്‍ കോസും ആണവവിരുദ്ധ പ്രവര്‍ത്തകന്‍ ഡോ. എസ്.പി. ഉദയകുമാറും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സര്‍ക്കാര്‍ വിമര്‍ശനം രാജ്യദ്രോഹമല്ലെന്നു പ്രസ്താവിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷനാണ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. 1962ല്‍ കേദാര്‍നാഥും ബിഹാറും തമ്മിലുള്ള കേസ് പരിഗണിക്കവേയാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമത്തിന്റെ (ഐപിസി 124 എ) പരിധി പരിമിതപ്പെടുത്തിയത് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.