സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് റഷ്യന്‍ അംബാസഡര്‍

02.45 AM 04-10-2016
russ-MMAP-md
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഭീകരക്യാമ്പുകള്‍ ആക്രമിച്ച ഇന്ത്യന്‍ സൈനിക നടപടിക്കു പിന്തുണയുമായി റഷ്യ രംഗത്ത്. സ്വയം പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും ഉറിയില്‍ ആക്രമണം നടത്തിയത് പാക് ഭീകരരാണെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ എം. കഡ്കിന്‍ വ്യക്തമാക്കി.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ റഷ്യ സ്വാഗതം ചെയ്യുന്നു. സ്വയം പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. ഇന്ത്യയിലെ സൈനിക ക്യാമ്പുകളെയും സാധാരണക്കാരെയും തീവ്രവാദികള്‍ ആക്രമിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ ഇസ്ലാമാബാദ് നടപടി സ്വീകരിക്കണം അലക്‌സാണ്ടര്‍ പറഞ്ഞു. റഷ്യ പാക് സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഇന്ത്യന്‍ സൈനിക നീക്കത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അനുകൂലിച്ചിരുന്നു. കൂടാതെ, ഭീകരര്‍ക്കു സ്വന്തം മണ്ണു വിട്ടുനല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു.