സിറിയയില്‍ വ്യോമാക്രമണത്തില്‍ 3 തുര്‍ക്കി സൈനികര്‍ മരിച്ചു

10:55 am 10/2/2017
images (1)
സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ മൂന്നു തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു. അബദ്ധത്തില്‍ സംഭവിച്ചതെന്ന് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിന്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഇരുരാജ്യങ്ങളും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചു.
സിറിയയിലെ അല്‍ബാബ് നഗരത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണമാണ് മൂന്നു തുര്‍ക്കിഷ് സൈനികരുടെ ജീവനെടുത്തത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐ എസ് ഭീകരരെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ആക്രമണമാണെന്നാണ് സൂചന. ഐ എസ് ഭീകരര്‍ക്കെതിരെ പോരാടുന്ന സിറിയന്‍ വിമതര്‍ക്ക് സഹായവുമായാണ് നഗരത്തില്‍ തുര്‍ക്കി സൈനികരെത്തിയത്. സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ റഷ്യയും തുര്‍ക്കിയും വ്യത്യസ്ഥ ചേരിയിലാണെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി അല്‍ബാബ് നഗരത്തില്‍ ഐഎസ് ഭീകരര്‍ക്കെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ച് ആക്രമണം നടത്തുകയാണ്. സൈനികരുടെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിന്‍ അനുശോചനം രേഖപ്പെടുത്തി. പുചിന്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായി സംഭവം അന്വേഷിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും വിഘടന ശക്തികള്‍ക്കെതിരെ ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.