സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി നിറവില്‍

08:35am 28/4/2016
– ബീന വള്ളിക്കളം
Newsimg1_15367093
ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി ആഘോഷങ്ങള്‍ മെയ് ഏഴിനു നടത്തുന്നു. സുപ്രധാന നാഴികക്കല്ലായ 25 വര്‍ഷം പിന്നിടുമ്പോള്‍ നാളത്തെ വിശുദ്ധരെ വാര്‍ത്തെടുക്കുക എന്ന ഈ വിശ്വാസപരിശീലന സംരംഭത്തില്‍ ഭാഗഭാക്കായ ഓരോരുത്തരേയും ഓര്‍മ്മിക്കുവാനും, ആദരിക്കാനും, ഒത്തുചേരാനുമായുള്ള ഒരു അസുലഭ ദിനമായിരിക്കും ഇതെന്ന് ഇടവക വികാരിയും രൂപതാ മതബോധന ഡയറക്ടറുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പറഞ്ഞു. മെയ് 7-നു ശനിയാഴ്ച 3 മണി മുതല്‍ 8 മണി വരേയാണ് ആഘോഷങ്ങളെന്നും ഇതിലേക്കായി ഏവരേയും ക്ഷണിക്കുന്നതായും സ്കൂള്‍ ഡയറക്ടര്‍ സി. ജസ്‌ലിന്‍ അറിയിക്കുന്നു.

“ഈശോയെ അറിയുക, ഈശോയെ സ്‌നേഹിക്കുക, നല്ലൊരു സമൂഹം വാര്‍ത്തെടുക്കുക’ എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. 3 മണിക്ക് ആരംഭിക്കുന്ന ഒത്തുചേരലിനുശേഷം നാളിതുവരെ സ്തുത്യര്‍ഹ സേവനം ചെയ്ത വിശ്വാസപരിശീലകരെ പ്രത്യേകം ആദരിക്കുന്നു. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും ഒന്നുചേരുന്ന ഈ വേള ഒരു ആശയവിനിമയ വേദികൂടിയാവും. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫാ. കുര്യാളശേരി അവാര്‍ഡ് ജേതാക്കള്‍ ഒരേ വേദിയില്‍ വന്നുചേരുന്നു എന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ടാകും. തുടര്‍ന്ന് ഭക്ഷണത്തിനുശേഷം “ജെറീക്കോയുടെ മതിലുകള്‍’, “നോഹയുടെ പെട്ടകം’ എന്നീ ദൃശ്യാവിഷ്കാരങ്ങള്‍ ഉണ്ടായിരിക്കും. അതിമനോഹരമായ, ഭക്ത്യാദരപൂര്‍വ്വം ഒരുക്കിയ കലാവിരുന്ന് കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനത്തിന്റെ പ്രതിഫലനമായിരിക്കും. ഈ സംഗമത്തില്‍ വന്നുചേരുവാനായി ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.