സെന്റ് തോമസ് മിഷന്‍ താങ്ക്‌സ് ഗിവിങ്ങ് ലഞ്ച് നല്‍കി

09:06 am 1/12/2016

– ജീമോന്‍ റാന്നി
Newsimg1_78760313
ഹൂസ്റ്റണ്‍: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവരിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ രൂപം നല്‍കിയ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സെന്റ് തോമസ് മിഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരായ ആളുകള്‍ക്ക് താങ്ക്‌സ് ഗിവിങ് ലഞ്ച് നല്‍കി. താങ്ക്‌സ ഗിവിങ് ദിനമായ നവംബര്‍ 24ന് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെയായിരുന്നു ലഞ്ച് നല്‍കിയത്.
ആത്മീയവും ഭൗതീകവുമായി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളും നന്മകളും മറ്റുള്ളവരുമായി പങ്കു വെയ്ക്കുമ്പോള്‍ മാത്രമെ ദൈവീകാനുഭവം സാധ്യമാകുകയുള്ളൂയെന്ന് മെത്രാപ്പോലീത്താ പ്രാര്‍ത്ഥന മധ്യേ നല്‍കിയ സന്ദേശത്തില്‍ പറയുകയുണ്ടായി. തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ക്രിസ്തുവിന്റെ സാക്ഷികളാകാന്‍ കഴിയൂയെന്നും മെത്രാപ്പോലീത്താ പറയുകയുണ്ടായി.

തുടര്‍ന്ന് അസിസ്റ്റന്റ് വികാരി റവ.ഫാ. ജോയല്‍ മാത്യു മിഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെകുറിച്ചും പറയുകയുണ്ടായി. സ്റ്റാഫോര്‍ഡ് സിറ്റി പ്രോട്ടേം മേയറും ഇടവകാംഗവുമായ കെന്‍ മാത്യു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്ലാവരെയും സിറ്റി കൗണ്‍സിലിന്റെ പേരില്‍ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. അതിനുശേഷം നല്‍കിയ താങ്ക്‌സ് ഗിവിങ്ങ് ലഞ്ചില്‍ സ്റ്റാഫോര്‍ഡിലും പരിസര പ്രദേശത്തുമുള്ള ധാരാളം ആളുകള്‍ പങ്കുചേര്‍ന്നു. ലഞ്ചിനൊപ്പം ക്രിസ്തുവിന്റെ സുവിശേഷം വായിക്കുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടി ബൈബിളും നല്‍കുകയുണ്ടായത് പങ്കെടുക്കാനെത്തിയവര്‍ക്ക് ആഹല്‍ദവും ആനന്ദവും ഉളവാക്കി. വിശക്കുന്നവനാഹാരത്തോടൊപ്പം വഴിയും സത്യവും ജീവനുമായ ലോകരക്ഷകന്റെ വചനങ്ങളുമടങ്ങിയ ബൈബിള്‍ സന്തോഷത്തോടെ സ്വീകരിച്ചവര്‍ ഇതൊരു പുതിയനുഭവമായി പറയുകയുണ്ടായി.

ഇടവക വികാരി വെരി.റവ.ഗീവര്‍ഗ്ഗീസ് അരൂപ്പാല കോര്‍ എപ്പിസ്‌ക്കോപ്പാ, അസിസ്റ്റന്റ് വികാരി റവ.ഫാ.മാമ്മന്‍ മാത്യു, ഇടവക മാനേജിംങ് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ ഇതില്‍ സംബന്ധിക്കുകയുണ്ടായി.

പീറ്റര്‍ കെ തോമസ്, എല്‍സി എബ്രഹാം, സാബുനൈനാന്‍, നെല്‍സണ്‍ ജോണ്‍, സുഗു ഫിലിപ്പ്, ഉമ്മന്‍ ഈപ്പന്‍, ജിനു തോമസ്, മോളി, തോമസ് ഒലിയാംകുന്നേല്‍, വര്‍ഗ്ഗീസ് പോത്തന്‍, മാത്യു കുര്യാക്കോസ്, മനോജ് മാത്യു, ലിഡ, ഐപ്പ് തോമസ്, കുഞ്ഞൂഞ്ഞമ്മ, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.

യേശുക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവരിലെത്തിക്കുകയെന്ന ഉദ്ദേശത്തൊടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുള്‍പ്പെടെ നിരവധി മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളും സെന്റ് തോമസ് മിഷന്‍ നടത്തുന്നുണ്ട്. ഇതിന് ആളുകളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്.

മലയാളി പ്രസ് കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ നല്‍കിയ വാര്‍ത്ത.