സൗദിയിലും തുർക്കിയിലും ചാവേർ ആക്രമണം നടത്താൻ അൽ ബാഗ്ദാദിയുടെ ആഹ്വാനം

02.03 AM 04/11/2016
Baghdadi_0311
ബാഗ്ദാദ്: തുർക്കിയെയും സൗദി അറേബ്യയെയും ആക്രമിക്കാൻ ആഹ്വാനം ചെയ്ത് ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഓഡിയോ ടേപ്പ്. ഇറാക്കി സേന നിയന്ത്രണം പിടിക്കാൻ ശ്രമിക്കുന്ന മൊസൂളിൽനിന്നാണ് ബാഗ്ദാദിയുടെ സന്ദേശമെന്നു കരുതപ്പെടുന്നു. അവിശ്വാസികളെയും ദൈവത്തിൽ വിശ്വസിക്കാത്തവരെയും നശിപ്പിക്കാൻ ലോകം മുഴുവനും ചാവേറുകളെ അയയ്ക്കാനും ബാഗ്ദാദി ആഹ്വാനം ചെയ്യുന്നു.

ഇറാക്കി സ്പെഷൽ സേന മൊസൂൾ നഗരത്തിൽ എത്തിയ സാഹചര്യത്തിലാണ് ബാഗ്ദാദിയുടെ ഓഡിയോ ടേപ്പ് പുറത്തുവരുന്നത്. മൊസൂളിൽ വിജയം നേടുക തന്നെ ചെയ്യുമെന്നും നിഷ്പ്രഭരായി പിൻമാറുന്നതിനേക്കാൾ നല്ലത് അഭിമാനത്തോടെ പോരാടുന്നതാണെന്നും ബാഗ്ദാദി ശബ്ദരേഖയിൽ പറയുന്നു.

2014ന് ശേഷം ആദ്യമായാണ് അൽ ബാഗ്ദാദിയുടേതെന്ന് അവകാശപ്പെടുന്ന ഓഡിയോ ടേപ്പ് പുറത്തുവരുന്നത്. 32 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദരേഖ ഐഎസിന്റെ മാധ്യമ വിഭാഗം തലവൻ അൽ—ഫർഖാനാണ് പുറത്തുവിട്ടത്. അമുസ്ലീം വിഭാഗങ്ങളോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്ന ടേപ്പിൽ ദൈവകൽപന നടപ്പാക്കാൻ ആഗോള ഐഎസ് അനുഭാവികളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്.

മൊസൂളിൽ കടന്ന സ്പെഷൽ സേന പോരാട്ടം ശക്തമാക്കിയതോടെ ബാഗ്ദാദി രക്ഷപെടാനാകാതെ നഗരത്തിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. മൊസൂളിലും സമീപനഗരമായ തൽ അഫാറിലുമുള്ള ഐഎസ് കമാൻഡർമാരുടെ സംരക്ഷണയിലാണ് അദ്ദേഹം. ഏകദേശം 5,000 ഐഎസ് പോരാളികളാണ് മൊസൂളിൽ ചെറുത്ത് നിൽപ് തുടരുന്നത്.