സൗദിയില്‍ ഇന്‍ഷൂറന്‍സ് മേഖലയിലും സൗദിവല്‍ക്കരണം വരുന്നു

08.37 PM 03/05/2017

ജിദ്ദ: സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ചില തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നു.വാഹന ഇന്‍ഷുറന്‍സ് ക്ലൈമുമായി ബന്ധപ്പെട്ട് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കി. ഇന്‍ഷുറന്‍സ് മേഖലയിലെ മാനേജര്‍,സാങ്കേതിക വിഭാഗം തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഗവര്‍ണര്‍ അഹമദ് അല്‍ ഖുലൈഫി പറഞ്ഞു.
ചില തസ്തികകളില്‍ ജൂലൈ രണ്ടിന് മുമ്പായി സ്വദേശികളെ നിയമിക്കണം. നിലവില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഇരുപത്തിയെട്ട് ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജി.ഡി.പിയിലേക്കുള്ള കുറഞ്ഞ സംഭാവനയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ വര്ഷം 1.5 ശതമാനം മാത്രമായിരുന്നു ജി.ഡി.പിയില്‍ ഇന്‍ഷുറന്‍സ് മേഖലയുടെ സംഭാവന. ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്റുമായി ബന്ധപ്പെട്ടു ചില മാര്‍ഗ നിര്‍ദേശങ്ങളും സാമ മുന്നോട്ടു വെച്ചിട്ടുണ്ട്.
പോളിസിയുടമകള്‍ക്ക് നല്‍കേണ്ട നഷ്‌ടപരിഹാര തുക, ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കിയാല്‍ മടക്കി നല്‍കേണ്ട തുക തുടങ്ങിയവ പോളിസിയുടമയുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. രണ്ടായിരം റിയാലില്‍ കൂടാത്ത തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് ക്ലെയിം അഞ്ച് ദിവസത്തിനകം സെറ്റില്‍ ചെയ്യണമെന്നും നിര്‍ദേശങ്ങളിലുണ്ട്. നിലവില്‍ രാജ്യത്ത് നാല്‍പ്പത്തിയെട്ടു ശതമാനം വാഹനങ്ങള്‍ മാത്രമാണ് ഇന്‍ഷൂര്‍ ചെയ്തിട്ടുള്ളത്. മുഴുവന്‍ വാഹനങ്ങളും ഇന്‍ഷുറന്‍സ് ചെയ്യുന്നതിനായി ഗതാഗത വകുപ്പുമായി ചേര്‍ന്ന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
വാഹന ഇന്‍ഷുറന്‍സ് പോളിസിയുടമകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞ മാസം സാമ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡ്രൈവറുടെ പൌരത്വം, വയസ്, താമസ സ്ഥലം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം.സാമയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു തവണ മുന്നറിയിപ്പ് നല്‍കും. പിന്നീടും കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും.