സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള ബോണസ്; ഇനി പുതിയ നിബന്ധനകള്‍

02.55 AM 12/11/2016
Saudi_760x400സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബോണസ് നല്‍കുന്നതിന് സാമൂഹിക കാര്യ മന്ത്രാലയം പുതിയ നിബന്ധനകള്‍ കൊണ്ടുവന്നു. ജോലിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കുകയുള്ളൂ.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം സൗദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരുന്നു. ബോണസും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ഒമ്പത് നിബന്ധനകളാണ് സാമൂഹിക കാര്യ മന്ത്രാലയം ഇപ്പോള്‍ മൂന്നൊട്ടു വെച്ചിരിക്കുന്നത്. ജോലിയില്‍ നല്ല പ്രാവീണ്യം നേടിയവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുക എന്നതാണ് ഈ നിര്‍ദേശങ്ങള്‍ക്ക് പിന്നില്‍.
ആത്മാര്‍ഥമായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുക, ഡിപ്പാര്‍ട്ട്മെന്റിന്റെ പുരോഗമനത്തിനായി വ്യത്യസ്ഥമായ ആശയങ്ങള്‍ പങ്കു വെക്കുക, സൗദി വിഷന്‍ 2030 യാതാര്‍ത്ഥ്യമാക്കുന്നതിനുള്ള വ്യക്തിഗത സംഭാവനകള്‍ ഉറപ്പ് വരുത്തുക തുടങ്ങിയവ പ്രധാനപ്പെട്ട നിബന്ധനകളാണ്. ഡിപ്പാര്‍ട്ട്മെന്റിന്റെ തെറ്റായ നീക്കങ്ങളും പാളിച്ചകളും മറ്റു പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും. കൃത്യ സമയത്ത് ജോലി ചെയ്തു പോകുന്നതിനു പകരം ഏറ്റെടുത്ത ജോലി തീരുന്നത് വരെ ജോലിയില്‍ മുഴുകുന്നവര്‍ക്കും ബോണസ് ലിസ്റ്റില്‍ മുന്‍ഗണന നല്‍കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ സേവനം വിലയിരുത്തിയാകണം ബോണസ് അനുവദിക്കേണ്ടത്. ബോണസ് തുക ശമ്പളത്തിന്റെ എഴുപത്തിയഞ്ച് ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഒരാള്‍ക്ക് വര്‍ഷത്തില്‍ ആറു ബോണസില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിതരണം ചെയ്തു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിച്ച തുകയുടെ പരമാവധി മുപ്പത്തിയഞ്ചു ശതമാനം മാത്രമേ ഓരോ ഡിപ്പാര്‍ട്ട്മെന്റും ബോണസ് അനുവദിക്കാന്‍ പാടുള്ളൂ. ഓരോ ഡിപ്പാര്‍ട്ട്മെന്റും ബോണസ് ബജറ്റ് നേരത്തെ തയ്യാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.