സൗദിയിൽ റോഡപകടം; ഓരോ 70 മിനിറ്റിലും ഒരു മരണം

02.30 Am 12/11/2016
blood_760x400
സൗദിയിൽ റോഡപകടം മൂലം ഓരോ 70 മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ ജീവൻ നഷ്ടപ്പെട്ടത് 7800 പേര്‍ക്കാണ്. സൗദിയിൽ റോഡപകടം മൂലം ഓരോ 70 മിനിറ്റിലും ഒരാള്‍ മരിക്കുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വര്‍ഷം രാജ്യത്തു റോഡപകടങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടത് 7800 പേര്‍ക്കാണ്. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ റോഡപകടങ്ങളില്‍ 1249 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി പ്രവിശ്യാ ട്രാഫിക് സുരക്ഷാ സമിതി മേധാവി എന്‍ജിനീയര്‍ സുല്‍താന്‍ അല്‍ സഹ്‌റാനി പറഞ്ഞു.
റോഡപകടം മൂലം 13 ശതമാനം പേരുടെ ജീവനാണ് കിഴക്കൻ പ്രവിശ്യയിലെ നിരത്തുകളിൽ പൊലിയുന്നത്. 5563 പേര്‍ക്കു കഴിഞ്ഞ വർഷം ഉണ്ടായ അപകടങ്ങളിൽ ഗുരുതരമായിപരിക്കു പറ്റുകയും ചെയ്തു. രാജ്യത്തെ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ 60ശതമാനം പേരും 30 വയസ്സിനു താഴെ പ്രായമുള്ളവരാണ്.
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് കൂടുതൽ അപകടങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് റിപ്പോർട്ട്. അപകടങ്ങളില്‍ മരിക്കുകയും പരിക്കു പറ്റുകയും ചെയ്യുന്നവരില്‍ 35 ശതമാനം പേര്‍ ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യക്കാരാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നു കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
റോഡപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ച് പഠിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പദ്ദതികള്‍ നടപ്പിലാക്കാനും കിരീടവകാശി നിർദ്ദേശിച്ചിരുന്നു.