സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ നിയമമായി: ഒബാമക്ക് കനത്ത പ്രഹരം

08:42 pm 29/9/2016

പി.പി. ചെറിയാന്‍
Newsimg1_95887971
വാഷിങ്ടന്‍ : പ്രസിഡന്റ് ഒബാമയുടെ ആവര്‍ത്തിച്ചുളള മുന്നറിയിപ്പുകള്‍ അവഗണിച്ചു യുഎസ് കോണ്‍ഗ്രസ് സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ പാസ്സാക്കി. 2001 സെപ്റ്റംബറില്‍ നടന്ന ഭീകരാക്രമണത്തില്‍ സൗദി അറേബ്യക്ക് പങ്കുണ്ടെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും ഗുരുതരമായി പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് സൗദി അറേബ്യയ്‌ക്കെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്യുന്നതിന് അനുമതി നല്‍കുന്നതാണ് ഈ ബില്‍.

ഒബാമ വീറ്റോ ചെയ്തിരുന്ന ബില്‍ നിയമമാകുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. സെപ്റ്റംബര്‍ 28ന് യുഎസ് സെനറ്റ് ഒന്നിനെതിരെ 97 വോട്ടിനും യുഎസ് ഹൗസ് 77 നെതിരെ 348 വോട്ടുകള്‍ക്കുമാണ് ഒബാമയുടെ വീറ്റൊ മറികടന്നത്.

ഭരണത്തില്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒബാമയ്‌ക്കേറ്റ കനത്ത പ്രഹരമാണിത്. എട്ട്ു വര്‍ഷത്തെ ഭരണത്തിനിടയില്‍ 12 ബില്ലുകള്‍ വീറ്റൊ ചെയ്തിരുന്നുവെങ്കിലും ഈ ബില്‍ മാത്രമാണ് വീറ്റൊ മറി കടന്ന് നിയമമായത്.

ബില്‍ പാസ്സായാല്‍ സൗദിയുമായുളള ബന്ധത്തിന് ഉലച്ചില്‍ തട്ടുമെന്നും വിദേശങ്ങവില്‍ സേവനമനുഷ്ഠിക്കുന്ന അമേരിക്കന്‍ സേനാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദോഷം ചെയ്യുമെന്നുമുള്ള വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ് യുഎസ് കോണ്‍ഗ്രസ് തീര്‍ത്തും അവഗണിക്കുകയായിരുന്നു.

ഹിലറിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ബര്‍ണി സാന്റേഴ്‌സ് എന്നിവര്‍ വോട്ടിങില്‍ നിന്നും വിട്ടു നിന്നു. പതിനഞ്ചു വര്‍ഷം നീണ്ടു നിന്ന കാത്തിരിപ്പിനുശേഷം ബില്‍ പാസ്സായതില്‍ ആഹ്ലാദം പ്രകടപ്പിച്ചുകൊണ്ടു വൈറ്റ് ഹൗസിനു മുമ്പില്‍ വമ്പിച്ച പ്രകടനം നടത്തപ്പെട്ടു.