സൗമ്യ വധക്കേസ്: കേരളത്തിന്റെ പുനഃപരിശോധന ഹർജി തള്ളി

02.06 AM 12/11/2016
soumya_1111
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സർക്കാർ കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയിൽ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

അതേസമയം, കോടതിയിലേക്കു വിളിച്ചുവരുത്തിയ ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിനെ അദ്ദേഹത്തിന്റെ വാദങ്ങൾ പറയാൻ അനുവദിച്ച കോടതി, അത് മുഴുവനും കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം, കോടതിവിധി അംഗീകരിക്കുന്നില്ലെന്ന് കട്ജു കോടതിയെ അറിയിച്ചു.

സുപ്രീം കോടതി വിധിക്കെതിരേ ഫേസ്ബുക്കിൽ കുറിപ്പെഴുതിയ ജസ്റ്റീസ് കട്ജുവിനെതിരേ കോടതിയലക്ഷ്യത്തിനു നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചു. കേസെടുക്കാതിരിക്കാൻ കാരണമെന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാനും കോടതി കട്ജുവിനോടു പറഞ്ഞു. കോടതിയലക്ഷ്യ നടപടിയെ ഭയക്കുന്നില്ലെന്നു കോടതിയെ അറിയിച്ച ജസ്റ്റീസ് കട്ജുവിനെ, പുറത്തേക്കു വിളിച്ചുകൊണ്ടുപോകാനും കേസ് പരിഗണിച്ച ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് നിർദേശിച്ചു. ഇത് സംബന്ധിച്ച് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസ് കട്ജുവും തമ്മിൽ കോടതിമുറിയിൽ തർക്കമുണ്ടായി.