ഹലരി – ട്രമ്പ് പ്രസിഡന്റ് മത്സരം.

07:45 pm 11/10/2016
പ്രതികരണം- തോമസ് ഫിലിപ്പ് റാന്നി

Newsimg1_5335353
ഒന്നാമത്തെ ഹിലരി -ട്രമ്പ് ഡിബേറ്റിനെക്കുറിച്ചുള്ള ശ്രീ തോമസ് കുവള്ളൂരിന്റെ അവലോകനം കഴമ്പുള്ള ഒരു പ്രബന്ധം പോലെ പ്രൗഢസുന്ദരമായിരുന്നു. ലേഖകന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!

സങ്കുചിതമായ സ്വാര്‍ത്ഥ താത്പര്യങ്ങളൊന്നും കൂടാതെ സുസ്ഥിരമായ സത്യനിഷ്ഠയോടും അചഞ്ചലമായ നീതബോധത്തോടുംകൂടി മാനുഷികമൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് നിഷ്ഭയമായും, നിഷ്കാമമായും അമേരിക്കയില്‍ ഓടിനടന്ന് മനുഷ്യസേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ശ്രീ കൂവള്ളൂര്‍ അമേരിക്കയന്‍ മലയാളികളുടേയും ഇന്ത്യക്കാരുടേയും അമേരിക്കക്കാരുടേയും ഇടയില്‍ സുവിദിതനുമാകുന്നു.

ആര്‍ക്കും നിഷേധിക്കാനാവാത്ത ചരിത്രസത്യങ്ങളെ അണിനിരത്തിക്കൊണ്ട് അദ്ദേഹം എഴുതിയ പ്രസ്തുത രാഷ്ട്രീയ അവലോകനം ചിന്തോദ്ദീപകമാണ്. ഒരു വലിയ ബിസിനസുകാരനായ ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കയിലെ പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കന്മാരെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് എന്തുകൊണ്ട് എങ്ങനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിത്തീര്‍ന്നുവെന്ന് അമേരിക്കയിലെ ചിന്താശീലരായ ആളുകള്‍ക്ക് അറിയാം.

അഭൂതപൂര്‍വ്വമായ ആക്രമണങ്ങളേയും അരക്ഷിതാവസ്ഥയേയും സാമ്പത്തിക പ്രതിന്ധികളെയുമൊക്കെ അമേരിക്ക അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയില്‍ തത്വദീക്ഷയില്ലാതെ എല്ലാവരേയും പ്രസാദിപ്പിച്ച് ചിരിച്ചുകൊണ്ടു നടക്കുന്ന അപ്രാപ്തയായ ഒരു പ്രസിഡന്റിനെയല്ല അമേരിക്കയ്ക്ക് ഇന്നാവശ്യം. പ്രത്യുത അപകടഭീഷണികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ കഴിവുള്ള ശക്തനായ ഒരു പ്രസിഡന്റിനെ തന്നെയാണ് അമേരിക്കയ്ക്ക് വേണ്ടതെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് എന്തുകൊണ്ടോ ഈ വസ്തുതയെ അംഗീകരിക്കാന്‍ കഴിയാതെ പോയിരിക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നോരോന്നായി ഇപ്പോള്‍ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ബില്‍ ക്ലിന്റണ്‍ പോലും പറഞ്ഞു: Obama Care is Craziest System in the World എന്ന്. ട്രമ്പ് ജയിക്കുമെന്നു പറയുന്നത് സങ്കല്‍പിതമല്ല, സത്യമാണ്. ട്രമ്പിനോട് പല കാര്യങ്ങളിലും എനിക്കും വിയോജിപ്പുണ്ടെങ്കിലും, അദ്ദേഹം അപകടകാരിയാണെന്നു പ്രതിയോഗികള്‍ പറയുന്നതില്‍ വലിയ കഴമ്പില്ല. യഥാര്‍ത്ഥത്തില്‍ അപകടകാരികള്‍ ആരാണ്? മതത്തിനും കാരുണ്യവാനാണെന്നു വാഴ്ത്തപ്പെടുന്നവനുമായ ദൈവത്തിനുംവേണ്ടി മനുഷ്യരെ കൂട്ടമായി കൊന്നൊടുക്കുന്ന ദൈവവിശ്വാസികള്‍ തന്നെയല്ലേ ലോകത്തിലേക്കും വലിയ അപകടകാരികള്‍? ലോകത്തിനും ലോക സമാധാനത്തിനും മനുഷ്യത്വത്തിനും കൊടിയ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് ഇന്ന് മതതീവ്രവാദം എന്നു പറഞ്ഞാല്‍, അനിഷേധ്യമായൊരു സത്യം മാത്രമാകുമത്. ലോകത്തിലെ ഒട്ടുമിക്ക മതങ്ങളിലും മതതീവ്രവാദികളുണ്ട്. പരിഹാരം ഇല്ലാത്ത വലിയൊരു ആപത്തിലേക്കും ദുരന്തത്തിലേക്കും ലോകം ഇന്നു പ്രയാണം ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ കടിഞ്ഞാണ്‍ ഒരു രാഷ്ട്രത്തലവന്റേയും കൈയ്യിലുമല്ല ഇരിക്കുന്നത്. ദൈവ അഥവാ ചരിത്രനിയോഗമനുസരിച്ച് അധികാരികള്‍ വരുകയും പോകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ജീവിക്കാന്‍വേണ്ടി ഏഴാം കടലിനും ഇപ്പുറം വന്ന് കൊടും ശൈത്യത്തോടും പ്രതിബന്ധങ്ങളോടുമൊക്കെ പോരാടി കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന അമേരിക്കന്‍ മലയാളികള്‍ “ഒന്നിനും നിലനില്‍പ്പില്ലാത്ത’ ക്ഷണികമായ ഈ മര്‍ത്യജീവിതത്തില്‍ ഒന്നിന്റെ പേരിലും അന്വേന്യം ദ്വേഷിപ്പിക്കാതെയും പോരാടാതെയും ഈ രാജ്യത്തുനിന്നും അനുഭവിക്കുന്ന നന്മകള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടും ആരെയും ദ്രോഹിക്കാതെയും, സന്തോഷമായും സമാധാനമായും ജീവിക്കയല്ലേ കരണീയമായിട്ടുള്ളത്? സ്‌നേഹത്തിന്റെ മധുര ഫലങ്ങള്‍ അനുഭവിച്ച് ജീവിക്കയല്ലാതെ മറ്റെന്ത് നേട്ടമാണ് ഈ ഭൂമിയില്‍ മനുഷ്യനുള്ളത്? അമേരിക്കന്‍ മലയാളികളുടെ വിവിധങ്ങളായ ജീവിത പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന മത, വര്‍ഗ്ഗീയ, വ്യക്തിവിദ്വേഷ പ്രകടനങ്ങള്‍ കണ്ടുകൊണ്ടുമാണ് ഞാന്‍ ഇതിവിടെ കുത്തിക്കുറിക്കുന്നതും. അടുത്ത നവംബര്‍ 8-ലെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നും ഇവിടുത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവികലമായ നന്മയും സര്‍വ്വോപരി ലോകത്തിനു മുഴുവന്‍ സമാധാനവും ഉണ്ടാകുമാറാകട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊള്ളു­ന്നു.