ഹിലാരി ക്ലിന്റനും ഡൊണാള്‍ഡ് ട്രമ്പും വാക്­ പോരാട്ടങ്ങളും

12:50pm 2/8/2016

(ജോസഫ് പടന്നമാക്കല്‍)
Newsimg1_1835072
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഡൊണാള്‍ഡ് ട്രമ്പിനെയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്ന് ഹിലാരി ക്ലിന്റനെയും അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാന്‍ ഔദ്യോഗികമായി നോമിനേറ്റ് ചെയ്ത സ്ഥിതിക്ക് അവരുടെ നയങ്ങളെയും പരസ്പരം പഴി ചാരിയുള്ള ആരോപണങ്ങളെയും വിലയിരുത്തുന്നത് സമുചിതമായിരിക്കുമെന്നു കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ വിവിധ പ്ലാറ്റ്‌ഫോറങ്ങളില്‍ പല തവണ പ്രസ്താവിച്ച ആശയങ്ങളും വസ്തുതകളും മാത്രമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വിവേകപൂര്‍വം വിലയിരുത്താനും പൗരാവകാശങ്ങളെ മാനിക്കാനും മനഃസാക്ഷിയ്ക്കനുസരിച്ചു വോട്ടു രേഖപ്പെടുത്താനും ഇരുവരുടെയും നയങ്ങളെ സസൂക്ഷ്മം പഠിക്കേണ്ടതായുണ്ട്.ഇന്‍ഡ്യാന ഗവര്‍ണ്ണര്‍ ‘മൈക്ക് ഫെന്‍സ്’ ട്രമ്പിനൊപ്പം വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും നിയമജ്ഞനുമായ വെര്‍ജിനിയായിലെ ‘റ്റിം കെയിന്‍’ ഹിലാരിക്കൊപ്പമുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമാണ്.

രാഷ്ട്രീയ പാരമ്പര്യമോ ഭരണപരമായ നൈപുണ്യമോ നേടിയിട്ടില്ലാത്ത ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റായി 2016­ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്തുകൊണ്ടും വൈവിധ്യമാര്‍ന്ന ഒരു ചരിത്രത്തിന്റെ തുടക്കമാണ്. വ്യാവസായിക രാജാവായ ട്രമ്പിന്റെ കൈകളില്‍ അമേരിക്ക സുരക്ഷിതമായിരിക്കുമെന്നു രാജ്യത്തിലെ വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു. അതുപോലെ ഹിലാരി ക്ലിന്റനും ചരിത്രത്തില്‍ കുറിക്കപ്പെട്ട മറ്റൊരു അദ്ധ്യായമായി മാറിക്കഴിഞ്ഞു. സുപ്രധാനമായ ഒരു പാര്‍ട്ടിയില്‍ ഒരു വനിതയെ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുന്നതും അമേരിക്കയുടെ ആദ്യത്തെ ചരിത്ര സംഭവമാണ്. മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയെന്ന നിലയിലും ഹിലാരിയുടെ വ്യക്തിത്വം അമേരിക്കന്‍ ജനതയെ ആകര്‍ഷിക്കുന്നു.

ട്രമ്പും ഹിലാരിയും ഒരിക്കല്‍ വലിയ സുഹൃത്തുക്കളായിരുന്നു. സാമൂഹിക സാംസ്ക്കാരിക തലങ്ങളില്‍ അവര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ട്രമ്പിന്റെ മൂന്നാം വിവാഹത്തില്‍ ഹിലാരിയും സംബന്ധിച്ചിരുന്നു. പ്രസിഡണ്ടായി മത്സരിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതലാണ് ഇരുവരും കുറ്റാരോപണങ്ങള്‍ നടത്താനാരംഭിച്ചത്.ആശയ സംഘട്ടനങ്ങളൊഴിവാക്കി താത്ത്വികമായി ചിന്തിച്ചാല്‍ അവര്‍ ഇരുവരും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ വ്യത്യസ്തരല്ലെന്നും കാണാം. രാഷ്ട്രീയ പരിജ്ഞാനക്കുറവുമൂലം ട്രമ്പ് പറയുന്നത് അപ്രായോഗികങ്ങളെന്നും തോന്നിപ്പോവും.

വൈറ്റ് ഹൌസിലേക്കുള്ള മത്സരയോട്ടത്തില്‍ ട്രമ്പും ഹിലാരിയും പരസ്പരം പഴി ചാരികൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തുന്നത് മാദ്ധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ട്. ‘ഹിലാരി ക്ലിന്റണ്‍ അമേരിക്കയുടെ വിദേശ നയത്തിന്റെ ചുമതലകള്‍ വഹിച്ചതിനുശേഷം അമേരിക്കാ സുരക്ഷിതമല്ലെന്നു ട്രമ്പ് പറയുന്നു. രാജ്യഭദ്രതയുമില്ല. ഹിലാരിയെ സെക്രട്ടറിയാക്കിയതില്‍ ഇന്ന് ഒബാമ ഭരണകൂടം ഖേദിക്കുന്നുവെന്നും ട്രമ്പ് വിശ്വസിക്കുന്നു. ബര്‍ണി സാന്‍ഡേഴ്‌­സും വൈറ്റ് ഹൌസിലേക്കുള്ള ശ്രമത്തില്‍ ഹിലാരിയെ കുറ്റപ്പെടുത്തിയിരുന്നു. അവരുടെ ബുദ്ധിഹീനമായ തീരുമാനങ്ങളും തീര്‍പ്പുകളും കാരണം രാജ്യം അപകടത്തില്‍ കൂടി കടന്നു പോവുന്നുവെന്നാണ് തിരഞ്ഞെടുപ്പിന്റെ ചുടലരാഷ്ട്രീയത്തില്‍ സാന്‌ഡേഴ്‌സ് അവര്‍ക്കെതിരായി ആരോപണം ആരോപിച്ചത്.

ട്രമ്പ്, ശരിയായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഹിലാരി അത്തരം പദ്ധതികളെ എതിര്‍ക്കുന്നു. മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ മതിലുകള്‍ പണിയാന്‍ ട്രമ്പ് ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ ഹിലാരി അത്തരം ചിന്താഗതികള്‍ ബാലിശമെന്ന് കരുതുന്നു. അമേരിക്കയുടെ മണ്ണില്‍ ജീവിച്ച് ജോലി ചെയ്തു ജീവിക്കുന്നവര്‍ക്കെല്ലാം പൗരത്വം കൊടുക്കുമെന്ന് ഹിലാരി പറയുമ്പോള്‍ ട്രമ്പ് അത് ദേശീയ താല്പര്യത്തിനു ദോഷം വരുമെന്ന് വിചാരിക്കുന്നു. ഇസ്‌­ലാമിക ഭീകര രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കുടിയേറ്റ നിയമങ്ങളില്‍ നിയന്ത്രണം വരുത്തണമെന്ന് ട്രമ്പ് പറയുമ്പോള്‍ ഹിലാരി അത് പാടില്ലായെന്നും വാദിക്കുന്നു.

സ്‌റ്റേറ്റ്‌സെക്രട്ടറിയെന്ന നിലയില്‍ ഹിലാരി ഒരു പരാജയമായിരുന്നുവെന്നു ട്രമ്പ് വിശ്വസിക്കുന്നു. 2009 ­ല്‍ ഹിലാരി സ്‌റ്റേറ്റ് സെക്രട്ടറി ചുമതലകള്‍ വഹിക്കുന്നതിനു മുമ്പ് ഐ.സി.ഐ.എസ് (ISIS) ഭീകരവാദികള്‍ ഭൂമുഖത്തുണ്ടായിരുന്നില്ല. ലിബിയായിലും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഈജിപ്റ്റ് സമാധാനമുള്ള ഒരു രാജ്യമായിരുന്നു. ഇറാക്കിലും വിപ്ലവങ്ങള്‍ക്ക് ശാന്തതയുണ്ടായിരുന്നു. ഇറാന്‍ ഉപരോധം മൂലം രാജ്യത്തിന്റെ ബലഹീനത ഇരട്ടിച്ചു. ‘സിറിയാ’ ഭീകരരില്‍ നിന്നും മുക്തമായിരുന്നു. നാലു വര്‍ഷങ്ങള്‍ സെക്രട്ടറിയായിരുന്ന ഹിലാരിയുടെ ഭരണശേഷം നാം എന്തു നേടിയെന്നും ട്രമ്പ് ചോദിക്കുന്നു. ഐ.സി.ഐ.എസ് ഭീകരസംഘടന മിഡില്‍ ഈസ്റ്റ് മേഖലയിലും ലോകം മുഴുവനും വ്യാപിച്ചു കഴിഞ്ഞു. ലിബിയാ നാശത്തിലേയ്ക്കും നിലം പതിച്ചു. ഭീകരന്മാരായ കഴുകരില്‍നിന്നും അമേരിക്കയുടെ ലിബിയാ അംബാസഡറും ഉദ്യോഗസ്ഥരും ജീവനുംകൊണ്ട് ആ രാജ്യം വിട്ടു. ഈജിപ്റ്റ്, ഭീകര ഇസ്‌­ലാമിക മതഭീകരരുടെ നിയന്ത്രണത്തിലായി. ഇറാഖ് അതിന്റെ പഴയ പ്രതാപം നശിച്ച് അരാജകത്വത്തിലും നിലം പതിച്ചു. ഇറാന്‍ ലോകത്തിലെ മറ്റു ശക്തിരാഷ്ട്രങ്ങളെ തിരസ്ക്കരിച്ചുകൊണ്ട് ഇന്ന് ന്യൂകഌയര്‍ പാതയിലാണ്. സിറിയായില്‍ ആഭ്യന്തര യുദ്ധം മൂലം അഭയാര്‍ത്ഥികള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ജീവനുംകൊണ്ടുള്ള പ്രവാഹം ലോകത്തിനു മറ്റൊരു ഭീഷണിയായും മാറി. മിഡില്‍ ഈസ്റ്റില്‍ ട്രില്ലിയന്‍ കണക്കിന് ഡോളര്‍ ചെലവാക്കി. പതിനഞ്ചു വര്‍ഷത്തെ യുദ്ധത്തിനുശേഷം ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുത്തി. ഇന്നും ആ രാജ്യങ്ങളിലെ ദുരവസ്ഥകള്‍ എന്നത്തേക്കാളും കഷ്ടമാണ്. ഇതാണ് ഹിലാരി ക്ലിന്റന്റെ പാരമ്പര്യം. അവരുടെ ബലഹീനതയില്‍ രാജ്യം നാശത്തിലേക്കും അശക്തിയിലേയ്ക്കും വഴുതിപ്പോയി. മരണ കാഹള നാദങ്ങള്‍ അസമാധാനത്തിലേയ്ക്ക് വഴിയൊരുക്കുന്നു.

അമിതവാചാടോപം കലര്‍ന്ന ഭാഷയില്‍ ട്രമ്പ് ഇവിടെ ഹിലാരിയ്‌­ക്കെതിരെ ആഞ്ഞടിച്ചുവെന്നത് ശരി തന്നെ. പക്ഷെ അദ്ദേഹത്തിന്റെ താര്‍ക്കിക വാക്‌സമരത്തില്‍ ബുഷിന്റെ കാലഘട്ടങ്ങളിലെ വിദേശനയങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കണ്‍സര്‍വേറ്റിവ് മീഡിയാ ട്രമ്പിനെ എതിര്‍ക്കുന്നതും ഇത്തരം വിമര്‍ശനങ്ങള്‍ കാരണങ്ങളാകാം. കണ്‍സര്‍വേറ്റുകള്‍ വിദേശ രാജ്യങ്ങളില്‍ സദാ യുദ്ധമാഗ്രഹിക്കുന്ന ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. ഒരു പക്ഷെ ട്രമ്പ് വികാരാധീനമായി കുറ്റപ്പെടുത്തുന്നതു ബുഷ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെയുമാവാം.

ഇന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയങ്ങള്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ഓഫീസില്‍ നിന്നും വിരമിച്ച കാലം മുതല്‍ തുടങ്ങിയതെന്നു ‘പാറ്റ് ബുച്ചാനന്‍’ പറയുന്നു. ജോര്‍ജ് ബുഷ് സീനിയറിന്റ കാലങ്ങളിലും അമേരിക്ക അനേക വെല്ലുവിളികളെ നേരിട്ടിരുന്നു. 1991­ല്‍ അമേരിക്കയുടെയും മെക്‌സിക്കോയുടെയും അതിര്‍ത്തികളില്‍ രക്തച്ചൊരിച്ചിലിന്റെ നാളുകളായിരുന്നു. ആഴ്ചകള്‍ തോറും ആയിരക്കണക്കിന് മെക്‌സിക്കക്കാര്‍ അതിര്‍ത്തി കടന്നെത്തുന്നു. അനേകായിരങ്ങള്‍ നിയമപരമായും വരുന്നു. മൂന്നാം ലോകത്തില്‍നിന്ന് വരുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരാണ്. കുടിയേറ്റക്കാരായി വരുന്ന നവാഗതര്‍ ഉടന്‍ തന്നെ വെല്‍ഫേയറിനും അപേക്ഷിക്കും. അവരുടെ കുടുംബങ്ങളും വെല്‍ഫെയറില്‍ ജീവിക്കും. വെല്‍ഫെയറിനെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാരിനും അവര്‍ വോട്ടും ചെയ്യും. അമേരിക്കയിലെ നികുതിദായകരുടെ പണമാണ് കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന മൂലം നഷ്ടപ്പെടുന്നതെന്നും ട്രമ്പ് ഓര്‍മ്മിപ്പിച്ചു. 1991­മുതല്‍ അമേരിക്കന്‍ ഫാക്റ്ററികള്‍ പുറം നാടുകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അമേരിക്കയുടെ വ്യവസായം തകര്‍ത്ത് ഇവിടെ തൊഴിലില്ലായ്മ വര്‍ദ്ധിപ്പിച്ചു.

തോക്കിന്‍ മുനയില്‍ അമേരിക്കയില്‍ ഒരു വര്‍ഷത്തില്‍ 33000 മനുഷ്യര്‍ മരിക്കുന്നുണ്ട്. ഒരാള്‍ക്ക് തോക്കിനു ലൈസന്‍സ് കൊടുക്കുന്നതിനു മുമ്പ് സമൂലമായ പരിശോധന ആവശ്യമെന്ന് ഹിലരി അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ സുരക്ഷിതമാണ് ആവശ്യമെന്നും ട്രമ്പ് പറയുന്നു. സ്വന്തം വീടിനുള്ളില്‍ സമാധാനത്തോടെ കിടന്നുറങ്ങാന്‍ സ്വയ രക്ഷക്കായി തോക്ക് ആവശ്യമായി വരും. അതുകൊണ്ട് അമ്പത് സംസ്ഥാനങ്ങള്‍ക്കും ഗണ്ണിന്റെ ലൈസന്‍സ് നയം തുടരുക തന്നെ ചെയ്യുമെന്നു ട്രമ്പ് ചിന്തിക്കുന്നു.

കുറ്റവാളികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലും സ്വയരക്ഷ ആഗ്രഹിക്കുന്നവരെ നിരായുധരാക്കണമെന്നാണ് ഹിലാരി ചിന്തിക്കുന്നത്. ചെറുപ്പക്കാരോ, ഒറ്റയ്ക്ക് കുഞ്ഞിനേയും കൊണ്ട് താമസിക്കുന്ന അമ്മമാരോ വൃദ്ധ ജനങ്ങളോ ആരാണെങ്കിലും ഹിലാരി അവരെ നിരായുധരാക്കാന്‍ ആഗ്രഹിക്കുന്നു. ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നു. ഇത് തികച്ചും ഹൃദയ ശൂന്യതയെന്നു ട്രമ്പ് വിശേഷിപ്പിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘കണക്റ്റിക്കട്ട്’ സംസ്ഥാനത്ത് ന്യൂടൗണില്‍ കുട്ടികളുടെ നേരെയുള്ള വെടിവെപ്പിനുശേഷം ട്രമ്പ് ഒരവസരത്തില്‍ തോക്കുകളുടെ നിയന്ത്രണം സംബന്ധിച്ച് ഒബാമയെ പുകഴ്ത്തിയിരുന്നു. അവസരത്തിനൊപ്പിച്ചു പ്രവര്‍ത്തിക്കുന്ന ട്രമ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങളേയും എതിരാളികള്‍ പരിഹസിക്കുന്നുണ്ട്.

രാജ്യം സുരക്ഷിതമെന്ന് നാം ആഗ്രഹിക്കുന്നെങ്കില്‍ തോക്കുകള്‍ കൊണ്ടുള്ള ഒരു പ്രസിഡന്‍റ്റിന്റെ ലോബി സഹായകമാകില്ലന്നാണ് ഹിലാരി വിശ്വസിക്കുന്നത്. ഹിലാരി തോക്കിന്റെ നയങ്ങളെപ്പറ്റി പറയുന്നത്, ഭരണഘടനയുടെ രണ്ടാം അമന്‍ഡ്‌മെന്റ് റദ്ദു ചെയ്യാന്‍ താന്‍ ആളല്ലെന്നും ആരുടേയും തോക്കുകള്‍ പിടിച്ചെടുക്കാന്‍ വരുന്നില്ലന്നുമാണ്. ‘നിരായുധനായ നിങ്ങളെ ഒരു ആയൂധധാരി വെടി വെച്ചിടുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും യുക്തിയോടെ ചിന്തിക്കുന്ന ഉത്തരവാദിത്വമുള്ള തോക്കുധാരികള്‍ നമ്മുടെ സുരക്ഷിതത്വത്തിനു പ്രശ്‌നമാകില്ലെന്നും ഹിലാരി വിശ്വസിക്കുന്നു. ‘കുറ്റവാളികളുടെ കൈകളില്‍ നിന്നും ഭീകരരുടെ കൈകളില്‍ നിന്നും നാം ആയുധ വിമുക്തമാകണമെന്നും അവര്‍ പറയുന്നു.

ആഗോള വ്യാവസായിക ഉടമ്പടികള്‍ പുനഃ പരിശോധിക്കുമെന്നും പകരം ഓരോ രാജ്യങ്ങളുമായി വ്യത്യസ്തമായ പ്രത്യേക ഉടമ്പടികള്‍ ഉണ്ടാക്കുമെന്നും ഉടമ്പടികള്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ പരിരക്ഷിച്ചുകൊണ്ടായിരിക്കുമെന്നും ട്രമ്പ് പറയുന്നു. നടപ്പിലുള്ള വ്യവസായിക ഉടമ്പടികള്‍ അനേക രാജ്യങ്ങളുമായുള്ള ഒത്തൊരുമിച്ച ഏകോപന വ്യവസായിക ഉടമ്പടികളാണ്. ആയിരക്കണക്കിന് പേജുകളുള്ള അത്തരം ഉടമ്പടികള്‍ ഭൂരിഭാഗം ജനതയ്ക്കും മനസിലാവില്ല. ആരും വായിച്ചു നോക്കുക പോലുമില്ല. നമ്മെ ചതിക്കുന്ന രാജ്യങ്ങളെയും വ്യവസായ ഉടമ്പടികളെ മാനിക്കാത്ത രാജ്യങ്ങളെയും നികുതി വെട്ടിപ്പ് നടത്തുന്നവരെയും അര്‍ഹമായ രീതിയില്‍ അകറ്റിനിര്‍ത്തുമെന്നും വ്യവസായിക ബന്ധം അവസാനിപ്പിക്കുകയോ വ്യാവസായിക നിയമങ്ങള്‍ കര്‍ശനമാക്കുകയോ ചെയ്യുമെന്നും ട്രമ്പ് പ്രസ്താവിക്കുന്നു. നമ്മുടെ ബൗദ്ധികപരമായ വസ്തുക്കളുടെ ‘പേറ്റന്റ് റൈറ്റും’ ‘കോപ്പി റൈറ്റും’ ചൈനാ മുതലായ രാജ്യങ്ങള്‍ അപഹരിക്കുന്നതു ട്രമ്പിനു ഭരണം കിട്ടിയാല്‍ നിര്‍ത്തല്‍ ചെയ്യുകയും അവരുടെ നിയമാനുസ്രതമല്ലാത്ത ഉത്പന്നങ്ങള്‍ ഈ രാജ്യത്തു ചിലവഴിക്കുന്നതു നിരോധിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങള്‍ അവരുടെ കറന്‍സികള്‍ വിലയിടിച്ചുകൊണ്ടു ഈ രാജ്യത്ത് മാര്‍ക്കറ്റുകള്‍ പിടിക്കുന്നതിലും ട്രമ്പ് വ്യാകുലനാണ്. അന്യായമായ അത്തരം വ്യാവസായിക ഉടമ്പടികള്‍ സമൂലം ഉന്മൂലനം ചെയ്തു രാജ്യത്തിനുപകാരപ്രദമായ ഉടമ്പടകളില്‍ പങ്കാളികളാകുമെന്നും നോര്‍ത്ത് അമേരിക്കയിലെ സ്വതന്ത്ര വാണിജ്യ ഉടമ്പടിയായ നാഫ്റ്റാ (NAFTA) യുടെ നിയമഘടനയില്‍ മാറ്റം വരുത്തുമെന്നും നമ്മള്‍ ആഗ്രഹിക്കുന്ന ഉടമ്പടികള്‍ക്ക് മറ്റു രാജ്യങ്ങള്‍ തയാറായില്ലെങ്കില്‍ അവരുമായി കച്ചവട ബന്ധങ്ങള്‍ വേണ്ടെന്നു വെക്കുമെന്നും ട്രമ്പ് പറഞ്ഞു.

കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ നാഫ്റ്റാ (NAFTA) ഉടമ്പടിയില്‍ അദ്ദേഹം ശ്രദ്ധപതിക്കുമെന്നു ആരും കരുതിയിരുന്നില്ല. ഹോം ലാന്‍ഡ് സെക്യൂരിറ്റിയും ഒബാമ കെയറും അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചില്ലായെന്നതും കണ്‍വെന്‍ഷന്‍ പ്രസംഗത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. ഇമ്മിഗ്രേഷന്‍, ഗ്ലോബലിസം, ഫ്രീട്രേഡ് (Immigration, Globalism, Freet rade) എന്നീ മൂന്നു കാര്യങ്ങളിലാണ് അദ്ദേഹം പ്രസംഗത്തിലുടനീളം ശ്രദ്ധ പതിപ്പിച്ചത്. തോക്കിന്റെ നിയന്ത്രണ (Gun cotnrol) നിയമങ്ങളെപ്പറ്റിയും പ്രത്യേകമായി ഒന്നും തന്നെ അദ്ദേഹം എടുത്തു പറഞ്ഞില്ല. അത്തരമുള്ള സാമ്പത്തിക മുന്നോടികള്‍ക്ക് ട്രമ്പ് ഒരു പക്ഷെ തയാറല്ലായിരിക്കാം.

ആഗോള വ്യവസ്ഥിതികളെയും ആഗോളവല്‍ക്കരണത്തെയും ട്രമ്പ് എതിര്‍ക്കുന്നതായി കാണാം. ‘അമേരിക്ക ആദ്യം’ (America first) എന്ന മുദ്രാവാക്യം അണികളോട് ഉരുവിടാന്‍ ട്രമ്പ് ആഹ്വാനം ചെയ്യുന്നു. അമേരിക്കാ ആദ്യമെന്നു അദ്ദേഹം പറയുന്നുണ്ടെങ്കിലും വാചാലതയ്ക്ക് കുറവില്ലെങ്കിലും വളഞ്ഞവഴിയില്‍ക്കൂടി ആഗോളവല്‍ക്കരണത്തെയും മനസില്‍ താലോലിക്കുന്നതായി കാണാം. ആഗോളവല്‍ക്കരണത്തെ നിരസിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനവഴി കേള്‍വിക്കാരുടെ കണ്ണില്‍ മണ്ണിടാനും അദ്ദേഹത്തിനു സാധിച്ചു. ഇസ്‌­ലാമിക മൗലിക വാദികളുടെ ഭീകരത കൂടെ കൂടെ ആവര്‍ത്തിക്കുന്നുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ ടെന്നസിയിലും ഫ്‌ളോറിഡായിലും നടന്ന ഭീകര പോരാട്ടങ്ങളുടെ ചരിത്രവും ട്രമ്പിന്റെ പ്രസംഗ വേദികളിലെ വിഷയങ്ങളായിരുന്നു. ട്രമ്പ് വിഭാവന ചെയ്യുന്ന ആശയങ്ങളും പദ്ധതികളും അദ്ദേഹത്തെ എതിര്‍ക്കുന്ന ഹിലാരിയുടെ പദ്ധതികളും പരസ്പര വിരുദ്ധമായി വ്യത്യസ്ത ധ്രുവങ്ങളില്‍ സഞ്ചരിക്കുന്നതായി കാണാം. അവസാനം ഒരേ ദിശാമണ്ഡലത്തില്‍ ആശയങ്ങള്‍ ഒന്നായി തീരുകയും ചെയ്യുന്നു.

ട്രമ്പിന്റെ വില്‍പ്പന ശാലകളിലുള്ള പല ഉല്‍പ്പന്നങ്ങളും ഇന്ത്യയിലും ചൈനയിലും നിര്‍മ്മിച്ചതെന്നു ഹിലാരി കണ്‍വെണ്‍ഷനില്‍ നടന്ന പ്രസംഗത്തില്‍ സൂചിപ്പിച്ചു. പടങ്ങള്‍ വെയ്ക്കുന്ന ഫ്രേയും വരെയും (Made in India) ഇന്ത്യന്‍ ഉല്പന്നങ്ങളെന്നു കാണാം. വിദേശത്തുനിന്നും ജോലികള്‍ അമേരിക്കയില്‍ കൊണ്ടുവരുമെന്ന ട്രംബിന്റെ വാദങ്ങള്‍ക്ക് എന്തര്‍ഥമെന്നും ഹിലാരി ചോദിക്കുന്നു. ‘മേക്ക് ഇന്‍ അമേരിക്കാ’ യെന്ന മുദ്രാവാക്യവുമായി പ്രചരണം നടത്തുന്ന ട്രംബിന്റെ വ്യവസായിക ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും വിദേശ നിര്‍മ്മിതമെന്നും കാണാം. ട്രമ്പിന്റെ വാക്കുകളും പ്രവര്‍ത്തികളും രണ്ടുതരത്തിലെന്നും ഇതില്‍നിന്നു വ്യക്തമാണ്. ഡൊണാള്‍ഡ് ട്രമ്പ് പാര്‍ക്ക് അവന്യു കളക്ഷനില്‍ ചെന്നാല്‍ ഇക്കാര്യം വ്യക്തമായി കാണാന്‍ സാധിക്കും.

‘ഞാന്‍’ അമേരിക്കയുടെ കുത്തഴിഞ്ഞ സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കുമെന്ന്’ ട്രമ്പ് പ്രസംഗിക്കാറുണ്ട്. എന്നാല്‍ ഹിലാരി, ‘ഞാനെന്ന’ ട്രമ്പിന്റെ മാവോയിന്‍ സ്‌റ്റൈലിലുള്ള വാക്കുകളെ പരിഹസിക്കുന്നു. ‘അമേരിക്കയെ നേരായ വഴിയില്‍ നയിക്കുന്നത് ഞാന്‍ ഒറ്റയ്ക്കായിരിക്കില്ല. നമ്മള്‍ ഒന്നിച്ചു രാജ്യത്തെ പുരോഗമന പന്ഥാവില്‍ നയിക്കുമെന്ന്’ അവര്‍ പറഞ്ഞു. ‘ശുദ്ധമായ പ്രകൃതി വിഭവങ്ങളും ഊര്‍ജവും രാജ്യത്തിനാവശ്യമാണ്. കഠിനമായി ജോലിചെയ്യുന്ന കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കണം. പഠിക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കണം. ജീവിക്കാനുള്ള നല്ല അവസരങ്ങള്‍ക്കായി അവര്‍ക്കുവേണ്ട പ്രായോഗിക പരിശീലനവും നല്കണം. സാമ്പത്തിക സഹായങ്ങള്‍ നല്‍കി ചെറുകിട കച്ചവടക്കാരെയും പ്രോത്സാഹിപ്പിക്കണം.’ പ്രസിഡണ്ടായാലുള്ള ക്ലിന്റന്റെ കര്‍മ്മോന്മുഖ പദ്ധതികളാണിവകളെല്ലാം.

‘നാം മെക്‌സിക്കന്‍ അതിരില്‍ മതിലുകള്‍ പണിയാന്‍ പോവുന്നില്ലന്നും പകരം നമ്മുടെ സാമ്പത്തിക സ്ഥിതിയെ പണിതുയര്‍ത്തുമെന്നും’ ക്ലിന്റണ്‍ കണ്‍വെന്‍ഷനില്‍ വന്ന ഡെലിഗേറ്റുകളോട് സംസാരിച്ചു. എല്ലാവര്‍ക്കും സുഭീഷിതമായി ജീവിക്കാന്‍ തൊഴിലുകള്‍ കണ്ടെത്തുകയെന്നതായിരിക്കും അവരുടെ പദ്ധതി. ഈ നാട്ടില്‍ കഠിനാധ്വാനം ചെയ്യുന്ന ആയിരങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. ഈ നാടിനുവേണ്ടി പ്രയത്‌നിക്കുന്ന അവരോടു നീതികേടു സാധ്യമല്ല. അതിനായി ഒരു മതവും നിരോധിക്കേണ്ട ആവശ്യമില്ല. ഭീകരതയേ മറ്റുള്ള രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ടു തോല്‍പ്പിക്കുമെന്നാണ് ക്ലിന്റണ്‍ പറയുന്നത്. അത് സഫലീകരിക്കാന്‍ നീണ്ട കാലത്തെ ശ്രമങ്ങള്‍ തന്നെ വേണ്ടി വരുമെന്നും അവര്‍ ചിന്തിക്കുന്നു.

ക്ലിന്റണ്‍ തുടരുന്നു, “കഴിഞ്ഞ സ്‌റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്ന ശേഷം അനേകായിരം ജനങ്ങള്‍ക്ക് അവരുടെ ശമ്പള വര്‍ദ്ധന ലഭിച്ചിട്ടില്ല. അസമത്വം എവിടെയും. അമേരിക്കയിലും വിദേശത്തും ഭീഷണികളുണ്ട്. ഈ വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ ശക്തിയേയും വിലയിരുത്തണം. ലോകത്തു മറ്റുള്ള എല്ലാ രാജ്യങ്ങളെക്കാളും പരിവര്‍ത്തനാത്മകമായ ഒരു ജനത നമുക്കുണ്ട്. നമ്മുടെ ശക്തിയെപ്പറ്റി ഒന്ന് അവലോകനം ചെയ്യൂ. നമ്മുടെ യുവാക്കള്‍ മറ്റെല്ലാ രാജ്യങ്ങളിലുള്ള ജനതയെക്കാള്‍ സഹനശക്തിയും ഔദാര്യമതികളുമാണ്. ലോകത്തു ഏതു ശക്തിയേക്കാളും നമ്മുടെ മിലിറ്ററി മെച്ചമാണ്. ക്രിയാത്മകമായ ഒരു വ്യവസായ സമൂഹവും നമുക്കുണ്ട്. സ്വാതന്ത്ര്യത്തിലും, സമത്വത്തിലും നീതിയിലും ഈ രാജ്യം നിലകൊള്ളുന്നു. ഈ വാക്കുകള്‍ക്ക് നിര്‍വചനം അമേരിക്കായെന്ന പുണ്യ ഭൂമിക്കു മാത്രമുള്ളതാണ്. അവസരങ്ങള്‍ തേടി വരുന്നവരെ സ്വപ്നഭൂമിയായ ഈ രാജ്യം സ്വാഗതം ചെയ്യുന്നു. ഇതൊന്നും നമ്മുടെ നാടിനെ സംബന്ധിച്ച് ആലങ്കാരിക വാക്കുകളല്ല. വിശിഷ്ട പദങ്ങള്‍കൊണ്ടു നാടിനെ അലംകൃതമാക്കാന്‍ സാധിക്കുന്നതില്‍ നാം അഭിമാന പുളകിതരാകണം. നമ്മുടെ രാജ്യം ശക്തിയില്ലാത്ത ദുര്‍ബല രാഷ്ട്രമെന്ന് ഞാന്‍ ആരെയും പറയാന്‍ അനുവദിക്കില്ല. നമ്മള്‍ ശക്തിയില്ലാത്തവരല്ല. നമുക്കുള്ളത് ഇല്ലെന്നു പറയാന്‍ അനുവദിക്കില്ല. ഞാന്‍ മാത്രം, എനിക്കു മാത്രം പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുമെന്ന് നമ്മില്‍ ആരും പറയില്ല. എന്നാല്‍ ‘ഞാന്‍’ മാത്രമെന്ന മിഥ്യാബോധം ഡൊണാള്‍ഡ് ട്രമ്പിന്റെ വാക്കുകളില്‍ മുഴങ്ങി കേള്‍ക്കുന്നു. എനിക്കു മാത്രം പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയൂവെന്നു പറയുന്നവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കരുത്.”

ഹിലാരി ക്ലിന്റന്റെ വികാരോജ്വലമായ പ്രസംഗത്തില്‍ സദസ് നിറയെ ആഹ്ലാദോന്മാദത്തോടെ കയ്യടികളുണ്ടായിരുന്നു. രാജ്യത്തിന്റെ പട്ടാളം തീവ്രവാദത്തിനെതിരെ എന്നും ജാഗരൂകരായിരുന്നുവെന്നും ട്രമ്പിന്‍റെ വാക്കുകളെ നിഷേധിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ‘പോലീസ് ഉദ്യോഗസ്ഥരും ഫയര്‍ ഫൈറ്റേഴ്‌സും എന്നും അപകട മേഖലയില്‍. ഡോക്ടേഴ്‌­സും നേഴ്‌­സസും സേവനങ്ങള്‍ അര്‍പ്പിക്കുന്നു. അക്രമങ്ങള്‍കൊണ്ട് മക്കളെ നഷ്ടപ്പെട്ട അമ്മമാരും കുട്ടികളുടെ സുരക്ഷിതത്വം നോക്കേണ്ട അമ്മമാരും ഈ രാജ്യത്തുണ്ട്. ‘എനിയ്ക്കു മാത്രം’ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന അഹന്തയുടെ ഭാഷ അമേരിക്കക്കാരന്‍ പറയില്ല. നമ്മള്‍ പറയുന്നു, പ്രശ്‌നങ്ങള്‍ നമുക്കൊന്നിച്ചു പരിഹരിക്കാമെന്ന്.” ഓര്‍മ്മിക്കുക, ഈ രാഷ്ട്രം പടുത്തുയര്‍ത്തിയ പിതാക്കന്മാര്‍ ഒരു വിപ്ലവത്തില്‍ക്കൂടി ഭരണഘടന എഴുതിയുണ്ടാക്കി. ആ ഭരണഘടനയില്‍ ഒരാളില്‍ മാത്രം അധികാരം നിഷിപ്തമെന്നു ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ഒരാളില്‍ മാത്രം അധികാരം അര്‍പ്പിച്ചുകൊണ്ട് അമേരിക്കയില്‍ ഒരു ഭരണകൂടം ഉണ്ടായിട്ടില്ല. ഇരുനൂറ്റിയമ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും പരസ്പരം ബന്ധങ്ങള്‍ കലര്‍ത്തിക്കൊണ്ടുള്ള അതേ വിശ്വാസം തന്നെ നാം പുലര്‍ത്തുന്നുവെന്നും ഹിലാരി സമ്മേളന നഗരത്തില്‍ വന്ന ഡെലിഗേറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

പ്രസംഗ മദ്ധ്യേ ഹിലാരിയെഴുതിയ ഒരു പുസ്തകത്തെപ്പറ്റിയും അവര്‍ സൂചന നല്‍കിയിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ‘ഇറ്റ് ടേക്‌സ് എ വില്ലേജ്’ (It takes a village) എന്ന ഒരു പുസ്തകം ഹിലാരി എഴുതിയിരുന്നു. ‘ഇതെന്താണ്, നിങ്ങള്‍ ഈ പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നതന്തെന്നും പലരും അന്ന് അവരോടു ചോദിച്ചിരുന്നു. ഹിലാരി ആ പുസ്തകത്തില്‍ എഴുതിയിരുന്നത്, ‘ഒരാള്‍ക്ക് ഒരു കുടുംബത്തെയോ സ്വന്തം ബിസിനസോ ഒറ്റയ്ക്ക് നയിക്കാന്‍ സാധിക്കില്ല, ഒരു സമൂഹത്തെ നന്നാക്കാന്‍ സാധിക്കില്ല, ഒരു രാജ്യം മുഴുവനായും ഒറ്റയ്ക്ക് ഉയര്‍ത്താന്‍ സാധിക്കില്ല. അമേരിക്കയ്ക്ക് ഓരോരുത്തരുടെയും ഊര്‍ജവും കഴിവുകളും പ്രതീക്ഷകളും ആവശ്യമാണ്. ‘ തന്റെ മനസാക്ഷിയുടെ അടിത്തട്ടില്‍നിന്നു അങ്ങനെ വിശ്വസിക്കുന്നുവെന്നും ഹിലാരി പറഞ്ഞു.

ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളോ ഭീകരര്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍നിന്നോ വരുന്ന കുടിയേറ്റക്കാര്‍ക്ക് അമേരിക്കാ വിസാ കൊടുക്കുകയില്ലെന്നും ട്രമ്പിന്റെ അജണ്ടയിലുണ്ട്. അങ്ങനെയുള്ള രാജ്യങ്ങളില്‍നിന്നുമെത്തുന്ന കുടിയേറ്റ വിസ റദ്ദു ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം ഹിലാരി ക്ലിന്റണ്‍ കൂടുതല്‍ കുടിയേറ്റക്കാരെ അമേരിക്കന്‍ മണ്ണില്‍ അധിവസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഒബാമ ഭരണ കൂടത്തിലെ ഈ രാജ്യത്തേയ്ക്ക് പ്രവഹിക്കുന്ന നിയന്ത്രണമില്ലാതെയുള്ള കുടിയേറ്റക്കാര്‍ക്കുപരിയാണ് അവരുടെ തീരുമാനവും. ഈ രാജ്യത്തിലേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്ക് ഒരു സ്­ക്രീനിംഗ് പദ്ധതികളും ഹിലാരി ആവിഷ്­ക്കരിച്ചിട്ടില്ല. വരുന്ന കുടിയേറ്റക്കാര്‍ ആരെന്നോ എവിടെനിന്നു വരുന്നുവെന്നോ ഒരു അന്വേഷണവും നടത്താറില്ല. രാജ്യത്തിന്റെ മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നവരെയും നമ്മുടെ ജനങ്ങളെ സ്‌നേഹിക്കുന്നവരെയും മാത്രമേ കുടിയേറാന്‍ സമ്മതിക്കുകയുള്ളൂവെന്നും ട്രമ്പിന്റെ കണ്‍വെന്‍ഷണല്‍ പ്രസംഗത്തില്‍ ശ്രവിക്കാം. .

ഈ രാജ്യത്തിലേക്ക് ഭീകര മൗലിക വാദികളായ മുസ്ലിമുകള്‍ പാടില്ലായെന്ന നിലപാടാണ് ട്രമ്പ് സ്വീകരിച്ചിരിക്കുന്നത്. കുടിയേറ്റക്കാര്‍ നല്ല സ്വഭാവമുള്ളവരുമായിരിക്കണം. മത വൈകാരികത ജ്വലിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ വിളിച്ചു പറയുന്നതില്‍ ട്രമ്പിനു യാതൊരു മടിയുമില്ല. മെക്‌സിക്കോയുടെ അതിരുകളില്‍ ഒരു മതില്‍ പണിതുകൊണ്ട് നിയമരഹിതമായ കുടിയേറ്റങ്ങള്‍ അതുവഴി നിരോധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇത്തരം സ്വപ്ന പദ്ധതികള്‍ ഒന്നുകില്‍ ട്രമ്പ് അമേരിക്കന്‍ ജനതയോട് കള്ളം പറയുന്നതായിരിക്കാം. അല്ലെകില്‍ പ്രമുഖ മീഡിയാകളെ കബളിപ്പിക്കുകയായിരിക്കാം.

ഹിലാരിയുടെ കാഴ്ചപ്പാടില്‍ വിസാ കാലാവധി കഴിഞ്ഞ അമേരിക്കയിലെ മില്യന്‍ കണക്കിനു അനധികൃത കുടിയേറ്റക്കാരെ നിയമം പരിരക്ഷിച്ചുകൊണ്ട് സംരക്ഷണം നല്‍കുമെന്നാണ്. അവരെ ആദരിക്കുകയും രാജ്യത്തു അവസരങ്ങള്‍ നല്‍കുകയും ചെയ്യും. അവരെ രാജ്യത്തുനിന്നു പുറത്താക്കാതിരിക്കാനുള്ള നിയമ നിര്‍മ്മാണം നടത്തുമെന്നും ഹിലാരി വാഗ്ദാനം ചെയ്യുന്നു. നമ്മുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ക്കെതിരെ ഒരു ഉടമ്പടിയും ഒപ്പു വെക്കുകയില്ലെന്നും ഹിലാരി പ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതൊരു മനുഷ്യത്വത്തിന്റെ പ്രശ്‌നമായും അവര്‍ കാണുന്നു.