ഹുറൂബ് കേസില്‍പ്പെട്ടവരോട് നടപടി കര്‍ശനമാക്കി സൗദി

12:12 pm 16/11/2016

800x480_IMAGE60290874

റിയാദ്: സൗദിയില്‍ ഹുറൂബ് കേസില്‍പ്പെട്ട് നാട്ടിലേക്ക് കയറ്റി വിടുന്നവരെ പിന്നീട് ഒരിക്കലും സൗദിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. വിസിറ്റിംഗ് വിസയുടെയോ ഉംറ വിസയുടെയോ കാലാവധികഴിഞ്ഞിട്ടും തിരിച്ചു പോകാത്തവരെ അനധികൃത താമസക്കാരായി കണക്കാക്കി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടി ഹുറൂബ് കേസില്‍പ്പെട്ട വിദേശികളെ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കയറ്റി വിടാറാണ് പതിവ്. ഇവരെ പിന്നീടൊരിക്കലും സൗദിയില്‍ പ്രവേശിപ്പിക്കില്ലെന്നു മക്കാ പാസ്പോര്‍ട്ട് വിഭാഗം മേധാവി ഖലഫുള്ള അല്തുവൈരിഖിയെ ഉദ്ധരിച്ച്‌ കൊണ്ട് അല്‍ മദീന അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹുറൂബ് കേസില്‍ കുടുങ്ങുന്നവര്‍ക്ക് ശിക്ഷയ്ക്ക് പുറമേ പതിനായിരം റിയാല്‍ പിഴയടക്കേണ്ടി വരും.
കഴിഞ്ഞ വര്‍ഷം താമസ തൊഴില്‍ നിയമന ലംഘനത്തിന്‍റെ പേരില്‍ 4,80,000 വിദേശികള്‍ പിടിയിലായതായി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. നിയമലംഘകരായ വിദേശികള്‍ക്ക് അഭയം നല്‍കിയതും യാത്രാ സൗകര്യം നല്‍കിയതുമായ കേസില്‍ 16,386 പേര്കഴിഞ്ഞ വര്‍ഷം പിടിയിലായി. പിടിക്കപ്പെട്ടവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും.
വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ പലരും സൗദിയില്‍ തങ്ങുകയും ജോലി ചെയ്യുകയും ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. ഇവരെ സഹായിക്കുന്നവര്‍ക്കുണ്ട് വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആല്‍ത്തുഖര്‍ മുന്നറിയിപ്പ് നല്കി. കൂടാതെ ജോലി നല്‍കുന്ന സ്ഥാപനം അടച്ചു പൂട്ടുകയോ അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റിനു വിലക്കേര്‍പ്പെടുത്തുകയോ ചെയ്യും.