ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മക്കയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്.

02:10pm 10/07/2016
images (1)
റിയാദ്: മക്കയില്‍ ഹോട്ടല്‍ മേഖലയില്‍ വന്‍ കുതിപ്പ്. മക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതും ഇക്കാലയളവിലാണ്. ലോകത്തില്‍ തന്നെ ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ നഗരവും മക്കയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഹോട്ടല്‍ മുറികളുടെ എണ്ണത്തിലും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള മികച്ച നഗരങ്ങളില്‍ പലതിനെയും മക്ക പിന്തള്ളി. വരുമാനത്തിന്‍െറ കാര്യത്തിലും പ്രകടമായ വ്യത്യാസമുണ്ട്. നഗരത്തിന്‍െറ വരുമാന സ്രോതസ്സുകളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയതും ഈ കാലയളവിലാണ്. ലോകത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളിലും ജീവിക്കുന്ന മുസ്ലിംകള്‍ ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്നാഗ്രഹിക്കുന്ന നഗരമാണ് മക്കയെന്ന് നാഷണല്‍ ടൂറിസം ഓഫ് കൗണ്‍സില്‍ ചേംബേഴ്സ് വൈസ് പ്രസിഡന്‍റായ അബ്ദുറഹ്മാന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ മക്കയില്‍ ഹോട്ടല്‍ വ്യവസായത്തിന്‍െറ പങ്ക് വളരെ വലുതാണെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുക എന്നത് അടിസ്ഥാന വികസന പ്രശ്നങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തിയിട്ടും ഹജ്ജ്, റമദാന്‍ സീസണുകളില്‍ 70 ശതമാനം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം മാത്രമാണ് ഹോട്ടല്‍ മേഖലയിലുള്ളത്. തീര്‍ഥാടക ബാഹുല്യമാണിതിന് കാരണം. അതുകൊണ്ട് തന്നെ ഈ സീസണുകളില്‍ താരതമ്യേന കുറഞ്ഞ ഹോട്ടല്‍ നിരക്ക് മൂന്നും നാലും ഇരട്ടിയാകുന്നു. ലോകത്തിലെ എല്ലാ മികച്ച ബ്രാന്‍ഡ് ഹോട്ടലുകളും മക്കയിലുണ്ട്. പുതിയ കമ്പനികള്‍ വന്നു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം കൂടുതല്‍ ഉംറ വിസ അനുവദിക്കുമെന്നാണ് കരുതുന്നത്. ഇക്കാരണത്താല്‍ ഹോട്ടല്‍ മേഖലയില്‍ ഇനിയും കൂടുതല്‍ വികസനമുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടന്നു വരുന്ന ഹറം വികസനം പൂര്‍ത്തിയാകുന്നതോടെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കും. ഇവരെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ഹോട്ടല്‍ കെട്ടിടങ്ങള്‍ വേണ്ടിവരും. ഇത് മുന്നില്‍ കണ്ട് ഈ മേഖലയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിഷന്‍ 2030 നടപ്പാകുന്നതോടെ മൂന്നു കോടി തീര്‍ഥാടകര്‍ പ്രതിവര്‍ഷം മക്കയിലത്തെുമെന്നാണ് കരുതുന്നത്. ഹോട്ടല്‍ മേഖലയില്‍ നടക്കുന്ന ത്വരിത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യം മുന്നില്‍ കണ്ടാണ്. പുണ്യനഗരമായ മദീനയിലും വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.