ബ്രഹ്മപുത്ര നദിക്കു മുകളില്‍ ചൈന നിര്‍മിച്ച കൂറ്റന്‍ അണക്കെട്ട്​ പ്രവര്‍ത്തനസജ്ജമാകുന്നു

06:50 pm 1/10/2016
images (13)
ബെയ്​ജിങ്​: ഇന്ത്യക്കുമേല്‍ ആശങ്കയുടെ വൈദ്യുതി പ്രവാഹമായി തിബത്തിലെ ബ്രഹ്മപുത്ര നദിക്കു മുകളില്‍ ചൈന നിര്‍മിച്ച കൂറ്റന്‍ അണക്കെട്ട്​ പ്രവര്‍ത്തനസജ്ജമാകുന്നു. ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സിയാബുക്കുവിലാണ്​ ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നത്​. 7400 ലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള ജലവൈദ്യുത പദ്ധതിക്കായാണ് അണക്കെട്ട് പണിയുന്നത്. ഇന്ത്യയിലെ സിക്കിമിന് സമീപമുള്ള ടിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് ലാല്‍ഹൊ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത പദ്ധതി വരുന്നത്. ഡാം പൂര്‍ണ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബ്രഹ്മപുത്ര വഴി ഇന്ത്യയിലേക്കൊഴുകിയിരുന്ന ജലത്തിന്‍െറ അളവില്‍ ഗണ്യമായ കുറവ് സംഭവിച്ചേക്കുമെന്നാണ് ആശങ്ക. കൂടാതെ, ഇന്ത്യക്ക് ലഭിച്ചിരുന്ന ജലത്തിന്‍െറ അളവ് നിര്‍ണയിക്കുന്നതില്‍ ചൈന ഏകാധിപത്യം അരക്കിട്ടുറപ്പിക്കുമെന്നും ഇന്ത്യ ആശങ്കപ്പെടുന്നു.

ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. മധ്യ തിബത്തിന്‍െറ വൈദ്യുതിക്ഷാമം പരിഹരിക്കാനും പ്രദേശത്തെ വ്യവസായ മേഖലയെ ശക്തിപ്പെടുത്താനും പുതിയ ജലവൈദ്യുതി പദ്ധതി സഹായകമാകുമെന്നാണ് ചൈന അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരുന്ന സാം ജലവൈദ്യുത പദ്ധതി ചൈന കമ്മീഷന്‍ ചെയ്തത്. ബ്രഹ്മപുത്രയ്ക്ക് കുറുകെ അഞ്ച് വര്‍ഷം കൊണ്ട് 12 ജലവൈദ്യുത പദ്ധതികളാണ് ചൈന ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനയുടെ ഇൗ നീക്കം ഇന്ത്യക്ക്​ പുറ​േമ ബംഗ്ലാദേശിനും തിരിച്ചടിയാണ്​.