20ഓളം പേരുടെ തിരോധാനം: എന്‍.ഐ.എ അന്വേഷണത്തിനൊരുങ്ങുന്നു

10:30 AM 20/07/2016
download (7)
കൊച്ചി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 20ഓളം പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണത്തിനൊരുങ്ങുന്നു. ഇവരെക്കുറിച്ച് കാസര്‍കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എന്‍.ഐ.എ അന്വേഷണത്തിന് തയാറെടുക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ച് എന്‍.ഐ.എ ഡയറക്ടറേറ്റിന് കൊച്ചി യൂനിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഡയറക്ടറേറ്റില്‍നിന്ന് അനുമതി ലഭിച്ചാല്‍ കാണാതായവരെക്കുറിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ റീ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തുടക്കംകുറിക്കും. ഇതില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാകും ആദ്യം പരിഗണിക്കുക. എറണാകുളത്തുനിന്ന് മെറിന്‍ എന്ന മറിയത്തെ കാണാതായ കേസില്‍ പാലക്കാട് സ്വദേശി യഹ്യ, മുംബൈ സ്വദേശി ആര്‍.സി. ഖുറൈശി എന്നിവരെ പ്രതികളാക്കിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരം കേസെടുത്തതിനാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍.ഐ.എക്ക് മറ്റ് തടസ്സങ്ങളില്ളെന്നതിനാലാണ് ഇത് ആദ്യം അന്വേഷിക്കുക. മറ്റ് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ എന്‍.ഐ.എക്ക് ഏറ്റെടുക്കാന്‍ തക്ക വകുപ്പുകള്‍ ചുമത്തിയിട്ടില്ലാത്തതിനാല്‍ ഇവയുടെ നിയമവശം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും.

സാധാരണഗതിയില്‍ ആളുകളെ കാണാതാകുന്ന കേസുകള്‍ എന്‍.ഐ.എയുടെ അന്വേഷണത്തില്‍ വരുന്നതല്ല. എന്നാല്‍, വിവിധ ഭാഗങ്ങളില്‍നിന്ന് കൂട്ടമായി ഇത്രയും പേരെ കാണാതായ സംഭവം ഗൗരവമായാണ് എന്‍.ഐ.എ കാണുന്നത്. കാണാതായവരെക്കുറിച്ച ഡിജിറ്റല്‍ തെളിവുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ആരോപിക്കപ്പെടുന്നതുപോലെ ഇവര്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായി തെളിവ് ലഭിച്ചിട്ടില്ളെങ്കിലും ഇതിന്‍െറ സാധ്യത പരിശോധിക്കാനാണ് അന്വേഷണം നടത്തുന്നതെന്നാണ് എന്‍.ഐ.എ അധികൃതരുടെ വിശദീകരണം.