2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടതായി ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്

09:36 1/1/2017
images (2)
വാഷിങ്ടണ്‍: 2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടതായി ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്. നേരിട്ടുള്ള ആക്രമണം, ബോംബ് സ്ഫോടനം, വെടിവെപ്പ് എന്നിവ കൂടാതെ വിമാന അപകടങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയിലും കൊളംബിയയിലുമുണ്ടായ വിമാനാപകടത്തില്‍ 29 മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ പൊലിഞ്ഞു.

2015നെക്കാള്‍ കുറവാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം. ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും മാധ്യമമേഖലയിലെ ജോലി കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ വേണമെന്നും ഐ.എഫ്.ജെ പ്രസിഡന്‍റ് ഫിലിപ് ലെറുത്ത് പറഞ്ഞു. 30 പേര്‍ കൊല്ലപ്പെട്ട പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ 28 പേരും ലാറ്റിനമേരിക്കയില്‍ 24 പേരും ആഫ്രിക്കയില്‍ എട്ടു പേരും യൂറോപ്പില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ കൂടാതെ ജോലിക്കിടെ നിരവധി പേരെ കാണാതായിട്ടുണ്ട്.

ചില രാജ്യങ്ങളില്‍ മാധ്യമസ്വാതന്ത്ര്യം അനുവദിക്കാത്തതുമൂലവും കടുത്ത സമ്മര്‍ദംകൊണ്ടും നിരവധി പേര്‍ മാധ്യമ മേഖല വിട്ടതായും ഐ.എഫ്.ജെ വ്യക്തമാക്കുന്നു. ജോലിക്കിടെ അപകടത്തില്‍പെട്ടവരെ കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട രാജ്യങ്ങളോട് ആവശ്യപ്പെടുമെന്ന് ഐ.എഫ്.ജെ അറിയിച്ചു.മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് സിറിയയിലാണ്. 2011ല്‍ യുദ്ധം ആരംഭിച്ചശേഷം 107 മാധ്യമപ്രവര്‍ത്തകരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഇറാഖും യമനുമാണ് കടുത്ത ഭീഷണി നേരിടുന്ന മറ്റ് രണ്ടു രാജ്യങ്ങള്‍.