2020 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസെന്ന് വാഷിങ്ടന്‍ പോസ്റ്റ്

09:17 pm 29/11/2016

– പി. പി. ചെറിയാന്‍
Newsimg1_20037519
വാഷിങ്ടന്‍: 2020ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനു സാധ്യതയുളള ആദ്യ വ്യക്തി ഇന്ത്യന്‍ അമേരിക്കന്‍ വംശജ കമലാ ഹാരിസാണെന്ന് അമേരിക്കയിലെ ലീഡിങ്ങ് ന്യുസ്‌പേപ്പറായ വാഷിങ്ടന്‍ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. നവംബര്‍ 28ന് പുറത്തിറക്കിയ പത്രത്തിലാണ് ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മിഷേല്‍ ഒബാമ, മിനിസോട്ടയില്‍ നിന്നുളള സെനറ്റര്‍ ഏമി ക്ലൊബുച്ചര്‍, ന്യൂയോര്‍ക്കില്‍ നിന്നുളള സെനറ്റര്‍ ക്രിസ്റ്റിന്‍ ഗിലിബ്രാന്റ്, ന്യൂജഴ്‌സി സെനറ്റര്‍ കോറി ബുക്കര്‍, കൊളറാഡൊ ഗവര്‍ണര്‍ ജോണ്‍ ഹിക്കിന്‍ലൂഫര്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെടാമെങ്കിലും ഒന്നാം സ്ഥാനം കമലാ ഹാരിസനു തന്നെയാണ്.

ചെന്നൈ സ്വദേശിവിയായ മാതാവിന്റേയും ജമൈയ്ക്കയില്‍ നിന്നുളള പിതാവിന്റേയും മകളായ കമല ഹാരിസ് (51) യുഎസ് സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വനിതാ പ്രതിനിധിയാണ്.

കലിഫോര്‍ണിയയില്‍ നിന്നും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു മാസം പിന്നിട്ടപ്പോള്‍ നാലു വര്‍ഷത്തിനുശേഷമുളള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കമലാ ഹാരിസ് സ്ഥാനം പിടിച്ചിരിക്കുന്നുവെന്നാണ് വാഷിങ്ടന്‍ പോസ്റ്റ് പറയുന്നത്. രണ്ട് തവണ കലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിട്ടുളള കമലാ ഹാരിസും വന്‍ ഭൂരിപക്ഷത്തോടെയാണ് കലിഫോര്‍ണിയായില്‍ നിന്നും ജയിച്ചത്.