500 കോടി മുടക്കി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹം

11:54 am 16/11/2016
download (5)
ബംഗളൂരു:ഖനി രാജാവും കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിലെ മന്ത്രിയുമായിരുന്ന ജനാര്‍ദന റെഡ്ഡിയുടെ മകളുടെ ആര്‍ഭാടവിവാഹം വിവാദമാകുന്നു. ജനം പണബന്ദില്‍ വലയുന്ന ഘട്ടത്തിലെ വിവാഹത്തിന് 500 കോടി രൂപയാണ് പൊടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടിലാണ് പ്രധാന ചടങ്ങ്. ബംഗളൂരു ഇതുവരെ കണ്ടിട്ടില്ലാത്ത ആര്‍ഭാടങ്ങളുടെ അകമ്പടിയിലാണ് വിവാഹം. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനിടയില്‍ കോടികള്‍ മുടക്കി പാര്‍ട്ടിയുടെ മുന്‍ മന്ത്രി ആഡംബര വിവാഹം സംഘടിപ്പിക്കുന്നത് ബി.ജെ.പിയെയും വെട്ടിലാക്കി. അനധികൃത ഖനനക്കേസില്‍ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിട്ടും വിവാഹത്തിന് കോടികള്‍ മുടക്കാന്‍ എവിടന്നാണ് റെഡ്ഡിക്ക് പണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചോദിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിലെ സുവര്‍ണ കൊട്ടാരത്തിന്‍െറ മാതൃകയിലാണ് വിവാഹപ്പന്തല്‍ ഒരുക്കിയിരിക്കുന്നത്. ഇതിനുവേണ്ടി മാത്രം 150 കോടിയോളം രൂപ ചെലവായി. ഹംപിയിലെ വിജയ വിറ്റാല ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന കല്യാണമണ്ഡപം, 19 കോടി വിലമതിക്കുന്ന വിവാഹസാരി, അതിഥികള്‍ക്കായി ബംഗളൂരു നഗരത്തിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 1500 മുറികള്‍, ഇവരെ വിവാഹവേദിയിലേക്കു കൊണ്ടുവരുന്നതിനായി ആഡംബര കാറുകള്‍… ഇങ്ങനെപോകുന്നു വിശേഷങ്ങള്‍.

വിവാഹത്തിന് കൊഴുപ്പേകാന്‍ ആനകള്‍, ഒട്ടകം, രഥങ്ങള്‍ എന്നിവയും സജ്ജമാണ്. ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയെ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രാജീവ് റെഡ്ഡിയാണ് വിവാഹം ചെയ്യുന്നത്. സിനിമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ 30,000ത്തോളം പേര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അതിനിടെ, നോട്ടുകള്‍ക്കായി ജനം നെട്ടോട്ടമോടുന്ന സമയത്തെ ആഡംബര വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം സംസ്ഥാന നേതൃത്വം തള്ളി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ, മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആഡംബര കല്യാണത്തിനു പിന്നില്‍ കള്ളപ്പണമാണെന്നും കോടികള്‍ മുടക്കി ബി.ജെ.പി നേതാവ് മകളുടെ വിവാഹം നടത്തുന്നത് നേതൃത്വം കണ്ടില്ളെന്ന് നടിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ റെഡ്ഡി കഴിഞ്ഞ വര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്. വിവാഹത്തിലെ ചെലവുകള്‍ സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.