അഴിമതി തടയുന്നതില്‍ സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്ന്‌ മനേക ഗാന്ധി

02:07pm 25/4/2016

download (2)
പിലിഭിത്ത്‌ : അഴിമതി തടയുന്നതില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ മാതൃതയാക്കണമെന്ന്‌ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി. ഭര്‍തൃസഹോദരന്റെ ഭാര്യകൂടിയായ സോണിയയുടെ മാതൃകാപരമായ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ മനേക ഇക്കാര്യം വ്യക്‌തമാക്കിയത്‌.
തന്റെ പേര്‌ ദുരുപയോഗം ചെയ്‌ത ബന്ധുവിനെ സോണിയ കൈകാര്യം ചെയ്‌ത രീതി എടുത്ത്‌ പറഞ്ഞുകൊണ്ടാണ്‌ സ്വന്തം ലോകസഭാ മണ്ഡലമായ പിലിഭിത്തിയില്‍ ചേര്‍ന്ന വിജിലന്‍സ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ മനേക സംസാരിച്ചത്‌. ഒരിക്കല്‍ സോണിയയുടെ ബന്ധു ഒരു കച്ചവട സ്‌ഥാപനം തുടങ്ങുകയും സോണിയയുടെ പേരു പറഞ്ഞ്‌ കച്ചവടം നടത്തുകയും ചെയ്‌തു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട സോണിയ തന്റെ പേര്‌ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു കാണിച്ച്‌ അയാള്‍ക്കെതിരെ പത്രത്തില്‍ പരസ്യം നല്‍കുകയാണ്‌ ചെയ്‌തതെന്നും മനേക പറഞ്ഞു.
അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‌ പകരം അവര്‍ക്ക്‌ കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്‌ഥരുടെ നിലപാട്‌ ശരിയല്ലെന്നും അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്‌ഥര്‍ തയ്യാറാകണമെന്നും മനേക ആവശ്യപ്പെട്ടു.