68 ദിവസം നിരാഹാര വ്രതമിരുന്ന 13 കാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി.

04:17 pm 8/10/2016

jain_girl_760x400
ഹൈദരാബാദ്: ജൈനമത വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി 68 ദിവസം നിരാഹാര വ്രതമിരുന്ന 13 കാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ജൈനമതത്തിന്റെ ചൗമാസ വ്രതം ആചരിച്ച ആരാധന എന്ന എട്ടാം ക്‌ളാസ്സുകാരിയാണ് വിസ്മയമായ ശേഷം കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ കിടന്നു മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വ്രതം പൂര്‍ത്തിയായതിന് പിന്നാലെ ആരാധനയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ബാല തപസ്വി എന്ന് വിശേഷണം നല്‍കി നടത്തിയ ആരാധനയുടെ സംസ്‌ക്കാര ചടങ്ങില്‍ 600 ലധികം പേരാണ് പങ്കെടുത്തത്. ശോഭായാത്ര നടത്തിയായിരുന്നു സംസ്‌ക്കാര ഘോഷയാത്ര. സെക്കന്ദരാബാദിലെ പോട്ട് ബസാറില്‍ ജൂവലറി ബിസിനസ് നടത്തുകയാണ് ആരാധനയുടെ കുടുംബം. മരിച്ചതോടെ 68 ദിവസത്തോളം കുട്ടിയെ സ്‌കൂളില്‍ പോലും വിടാതെ വ്രതമിരുത്തിയതിന്റെ പേരില്‍ കുടുംബം വലിയ വിമര്‍ശനവും നേരിടുകയാണ്. ഭക്ഷണമോ വെള്ളമോ കൂടാതെ എടുക്കുന്ന വ്രതാനുഷ്ഠാനത്തിന് ജൈനമതത്തില്‍ വലിയ അംഗീകാരമാണ്.
അതേസമയം ഇവിടെ വ്രതം എടുത്തത് കുട്ടിയായിരുന്നെന്നതാണ് പ്രശ്‌നമെന്നും ഇതിനെ ആത്മഹത്യയായോ കൊലപാതകമായോ എടുക്കണമെന്നുമാണ് ചില വിശ്വാസികളുടെ നിലപാട്. അതേസമയം നേരത്തേ 41 ദിവസത്തെ വ്രതം ഇതുപോലെ ആരാധന എടുത്തതാണെന്നും ഒരു കുഴപ്പവും ഉണ്ടായില്ലെന്നും കുടുംബം പറയുന്നു. ആരാധന സാധാരണഗതിയില്‍ വ്രതം നോക്കുന്നയാളാണെന്നും നേരത്തേ അവള്‍ക്കൊപ്പം വ്രതത്തിനിടെ സെല്‍ഫിയെടുത്തവരാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കുടുംബം പറയുന്നു.
പത്താഴ്ച നീണ്ട നിരാഹാരം പൂര്‍ത്തിയാക്കിയ സമയത്ത് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. സെക്കന്ദരാബാദ് ഏരിയയില്‍ നിന്നുള്ള തെലുങ്കാനാ മന്ത്രി പദ്മ റാവു ഗൗഡ വ്രതം പൂര്‍ത്തിയായ ദിനത്തില്‍ മുഖ്യാതിഥിയുമായിരുന്നു. സംഭവത്തില്‍ ശിശു അവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. ശിശു അവകാശ കമ്മീഷന്‍ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.