സഞ്ചാരത്തിന്റെ പുതിയ കവാടങ്ങള്‍ തുറന്ന് എ.ടി.എം തുടങ്ങി

06:15pm 26/04/2016
seetharam
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മേളയില്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പവലിയന്‍ അംബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്യുന്നു.
ദുബൈ: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2016′(എ.ടി.എം) മേളക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ ഗതാഗത, അനുബന്ധ മേഖലകളിലെ വിദഗ്ധരും പ്രഫഷണലുകളും തിങ്കളാഴ്ച രാവിലെ മുതല്‍ മേള നഗരിയിലേക്ക് ഒഴുകുകയായിരുന്നു. വ്യാഴാഴ്ച വരെ നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗത മേഖലയിലെ 2800 ലേറെ പ്രദര്‍ശകരാണ് അണിനിരക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍,ടൂറിസം മേളയായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. 86 രാജ്യങ്ങളില്‍ നിന്നുള്ള 423 മുഖ്യ സ്റ്റാളുകളും 64 ദേശീയ പവലിയനുകളും വിവിധ ഹാളുകളിലായി നിറഞ്ഞുനില്‍ക്കുന്നു. ഇന്ത്യന്‍ ടൂറിസം മന്ത്രാലയത്തിന്റെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പവലിയനില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കൗണ്ടറുകളുണ്ട്. കേരളത്തിലെ ആയുര്‍വേദ ടൂറിസത്തെയൂം കായല്‍ ടൂറിസത്തെയൂം കുറിച്ച് അറബികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ധാരാളം അന്വേഷണങ്ങള്‍ വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒരു ഡസനിലേറെ റിസോര്‍ട്ടുകളുടെയും വന്‍കിട ഹോട്ടലുകളുടെയും പ്രതിനിധികള്‍ ഗതാഗത,ടൂറിസം മേഖലകളിലുള്ളവരെ ആകര്‍ഷിക്കാനായി മേളയിലത്തെിയിട്ടുണ്ട്. ഇന്ത്യ പവലിയന്‍ അംബാസഡര്‍ ടി.പി.സീതാറാമാണ് ഉദ്ഘാടനം ചെയ്തത്. ദുബൈയിലത്തെുന്ന വിവിധ രാജ്യക്കാരായ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള മികച്ച അവസരമാണ് എ.ടി.എം ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗ ആന്‍ഡ് വെല്‍നെസ് എന്നതാണ് ഇത്തവണ ഇന്ത്യന്‍ പവലിയന്റെ മുഖ്യ പ്രമേയം. 26,000 ത്തിലേറെ സന്ദര്‍ശകരെയാണ് നാലു ദിവസത്തെ മേളയില്‍ പ്രതീക്ഷിക്കുന്നത്. ഇതോടനുബന്ധിച്ച് 50 ലേറെ സെമിനാറുകളും നടക്കുന്നുണ്ട്. മേഖലയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവ മേളയില്‍ സജീവമാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ആര്‍ഭാട ലോഞ്ച് തുറക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പ്രഖ്യാപിച്ചു. പുതിയ കോണ്‍കോഴ്‌സ് ഡിയിലാണ് പ്രീമിയം ലോഞ്ച് ഈ മാസം 28ന് യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയൂം അവസാനദിവസമായ വ്യാഴാഴ്ച വൈകിട്ട് അഞ്ചുവരെയുമാണ് പ്രദര്‍ശനം. ബിസിനസ് മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശം.