‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’; ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ട്രംപ്

10.48 PM 27/10/2016
trump_2710
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട്, മോദിയുടെ പരസ്യവാചകം കടമെടുത്ത് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ‘അബ് കി ബാര്‍, മോദി സര്‍ക്കാര്‍’ എന്ന വാചകം അടിച്ചുമാറ്റി ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ (ഇത്തവണ ട്രംപ് സര്‍ക്കാര്‍) എന്ന പരസ്യവാചകമാണ് ട്രംപ് ക്യാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് മോദിയും ബിജെപിയും ഈ പരസ്യവാചകം ഉപയോഗിച്ചത്.

അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍ എന്ന വാചകത്തിലുള്ള ടെലിവിഷന്‍ പരസ്യത്തിലൂടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് ഇന്ത്യന്‍ വോട്ടര്‍മാരെയാണ് ലക്ഷ്യമിടുന്നത്. 29 സെക്കന്‍ഡാണ് പരസ്യത്തിന്റെ ദൈര്‍ഘ്യം. യുഎസിലെ ഇന്ത്യന്‍ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന ദൃശ്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ടു പ്രചാരണം നടത്തുന്നത്. ട്രംപിന്റെ മരുമകള്‍ ലാറ ട്രംപ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമൂഹത്തോടൊപ്പം ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.