10:26AM 10/02/2016
ബര്‍ലിന്‍: അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുര്‍ക്കിയും ജര്‍മനിയും ധാരണയിലത്തെി. അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമത്തിനെതിരെ ഒന്നിച്ചുനീങ്ങാനും നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള നടപടികള്‍ക്കും ഒരുമിച്ചു നീങ്ങുമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും അറിയിച്ചു.
റഷ്യന്‍ വ്യോമാക്രമണത്തില്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ ഭാരം തുര്‍ക്കിക്ക് ഒറ്റക്ക് താങ്ങാന്‍ കഴിയില്ളെന്നും മെര്‍കലിനൊപ്പം നടത്തിയ സംയുക്ത പത്രപ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. അഭയാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ മുഴുവന്‍ ഭാരവും തുര്‍ക്കിതന്നെ ഒറ്റക്ക് വഹിക്കുമെന്ന് ആരും കരുതരുത്. രാജ്യത്തത്തെിയ സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുലക്ഷത്തില്‍ കവിഞ്ഞിരിക്കുകയാണ്. തുര്‍ക്കി അതിര്‍ത്തിയില്‍ ഒരുമിച്ചു കൂടിയിരിക്കുകയാണവര്‍. അനിവാര്യമായ സാഹചര്യം വന്നാല്‍ തുര്‍ക്കി അവര്‍ക്ക് പ്രവേശനാനുമതി നല്‍കും. അഭയാര്‍ഥികളെ സ്വീകരിക്കും എന്നതിന്‍െറ അടിസ്ഥാനത്തില്‍ റഷ്യന്‍ വ്യോമാക്രമണങ്ങളെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സിറിയയില്‍ സൈനിക ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സമാധാന സംഭാഷണങ്ങള്‍ പ്രതിസന്ധിയിലാണെന്ന് മെര്‍കല്‍ അഭിപ്രായപ്പെട്ടു. സിറിയന്‍ ഭരണകൂടവും റഷ്യയും ചേര്‍ന്ന് നടത്തുന്ന വ്യോമാക്രമണങ്ങളുടെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഞെട്ടിച്ചിരിക്കുകയാണ്. സിവിലിയന്മാര്‍ക്കുമേല്‍ വ്യോമാക്രമണം നടത്തരുതെന്ന് ഐക്യരാഷ്ട്രസഭ ഡിസംബറില്‍ പാസാക്കിയ പ്രമേയമാണ് റഷ്യ ലംഘിക്കുന്നതെന്നും ജര്‍മനിയും തുര്‍ക്കിയും ഐക്യരാഷ്ട്രസഭാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെര്‍കല്‍ കൂട്ടിചേര്‍ത്തു.
അലപ്പോയിലെ സൈനിക നീക്കത്തെ തുടര്‍ന്ന് പതിനായിരക്കണക്കിനു പേരാണ് തുര്‍ക്കി അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നത്.
യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തടയുന്നതിന് സഹായം തേടി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തിങ്കളാഴ്ചയാണ് തുര്‍ക്കിയിലത്തെിയത്. അതിനിടെ, അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് യു.എന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടു.