12:24 pm 18/10/2016
എ.സി. ജോര്‍ജ്
ഹ്യൂസ്റ്റന്‍: ആസന്നമായ അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന് ഡിബേറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനി ഹില്ലരി ക്ലിന്റനു വേണ്ട ിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ഡോനാള്‍ഡ് ട്രമ്പിനു വേണ്ട ിയും അരയും തലയും മുറുക്കി എത്തിയ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാളികള്‍ തെരഞ്ഞെടുപ്പ് സംവാദ ഗോദയില്‍ അതിശക്തമായി ഏറ്റുമുട്ടി. രണ്ടു പാര്‍ട്ടികളുടേയും ആശയങ്ങളും അജണ്ട കളും ട്രാക്കു റിക്കാര്‍ഡുകളും കൈമുതലാക്കി ഹ്യൂസ്റ്റനിലെ രാഷ്ട്രീയ പ്രബുദ്ധരായ വ്യക്തികള്‍ ഇരുപക്ഷവും നിന്ന് അത്യന്തം വീറോടും വാശിയോടും പോരാടി. കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ അതി ചിട്ടയായി ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്‍ഡിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് സംവാദ വേദി രാഷ്ട്രീയ സാമൂഹ്യ ആശയങ്ങളുടെ മാറ്റുരച്ച ഒരു പടക്കളമായി മാറി. ഒക്ടോബര്‍ എട്ടാം തീയതി രാവിലെ 10.30 മുതലായിരുന്നു സംവാദം. കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. ക്കുവേണ്ടി സംവാദത്തിന്റെ മോഡറേറ്ററായി എ.സി. ജോര്‍ജ് പ്രവര്‍ത്തിച്ചു. ഡിബേറ്റില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹ്യ, മാധ്യമ നേതാക്കളും പ്രവര്‍ത്തകരുമായി ഒട്ടനവധി പേര് പങ്കെടുത്തു. ജോസഫ് പൊന്നോലി സന്നിഹിതരായവര്‍ക്ക് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ആവേശ തിരമാലകള്‍ ഇളക്കി മറിച്ചു കൊണ്ട ് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ്, ഇരുപക്ഷവും അവരുടെ ആവനാഴിയിലെ അമ്പുകള്‍ നേര്‍ക്കുനേരെ തൊടുത്തു വിടാനാരംഭിച്ചു. എന്നാല്‍ തികച്ചും സഭ്യവും സമാധാനപരവുമായി പക്ഷ പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് സംവാദം മുന്നേറിയത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോനാള്‍ഡ് ട്രമ്പിന്റെ പക്ഷത്തിനു വേണ്ടി പാനലിസ്റ്റുകളായി ഡോക്ടര്‍ മാത്യു വൈരമണ്, ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍, ശശിധരന് നായര്‍, ഐസക് വര്‍ഗീസ് പുത്തനങ്ങാടി, തോമസ് ഓലിയാന്‍കുന്നേല്‍, ടോം വിരിപ്പന്‍ എന്നിവര്‍ നിലകൊണ്ട പ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന് പക്ഷത്തിനു വേണ്ടി കെ.പി.ജോര്‍ജ്, ജോര്‍ജ് മണ്ണികരോട്ട്, പൊന്നുപിള്ള, മാത്യൂസ് ഇടപ്പാറ, നയിനാന്‍ മാത്തുള്ള, ടി.എന്‍. സാമുവല്‍ എന്നിവര്‍ നിലകൊണ്ടു. പാനലിസ്റ്റുകള്‍ അവരവരുടെ പക്ഷത്തിനും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി വസ്തുതകള്‍ നിരത്തികൊണ്ട ് അതിതീവ്രമായി പ്രാരംഭ പ്രസ്താവനകളില്‍ തന്നെ വാദിച്ചു. ടൗണ്‍ഹാള്‍ പബ്ലിക് മീറ്റിംഗ് ഫോര്‍മാറ്റിലായിരുന്നു ഡിബേറ്റ്. തുടര്‍ന്ന് സദസ്യരില്‍ നിന്ന് പ്രസ്താവനകളുടേയും പാനലിസ്റ്റുകളോടുള്ള ചോദ്യങ്ങളുടേയും അനുസ്യൂതമായ പ്രവാഹവും കുത്തൊഴുക്കുമായിരുന്നു. ഇരുപക്ഷത്തെ പാനലിസ്റ്റുകള്‍ പരസ്പരം സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ആരോപണ പ്രത്യാരോപണങ്ങളുടെ ശരങ്ങള്‍ തൊടുത്തു വിട്ടു. ചിലരെല്ലാം ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിയര്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്തു.
റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനി ഡോനാള്‍ഡ് ട്രംബ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനോ ഭരണപാടവമോ ഇല്ലാത്ത ഒരു പൊളിഞ്ഞ ബിസിനസ്സുകാരനാണ്. അയാളുടെ വിടുവായത്തരങ്ങളും ജല്പ്പനങ്ങളും എന്താണെന്ന് അയാള്‍ക്കു പോലും അറിയില്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെറ്റുകളും അബദ്ധങ്ങളും വിളിച്ചു സ്ത്രീകള്‍ക്കു നേരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന ഇയാള്‍ക്ക് അവയില്‍ നിന്ന് തടി ഊരാന്‍ ക്ഷമ പറയാനേ നേരമുള്ളൂ. അമേരിക്കന്‍ ജനതയുടെ വിവിധ പ്രശ്നങ്ങളെ പറ്റിയുള്ള ന്യായമായ പരിജ്ഞാനമോ അവരെ നയിക്കാനൊ ഉള്ള ഒരു യോഗ്യതയും ചങ്കുറപ്പും ഡോനാള്‍ഡ് ട്രംബിനില്ല. ഇയാളുടെ കൈയില്‍ അമേരിക്കന്‍ ഭരണം ഏല്‍പ്പിച്ചു കൊടുത്താല്‍ കൊരങ്ങന്റെ കയ്യില്‍ പൂമാല കൊടുത്തതുപോലിരിക്കും. ലോകം മുഴുവന്‍ നശിപ്പിക്കാന്‍ ശക്തമായ ആറ്റംബോംബിന്റെ കോഡ് ഇത്തരക്കാരന്റെ കയ്യില്‍ വന്നാലെന്താകും സ്ഥിതി? ഒന്നാലോചിച്ചു നോക്കുക എന്നെല്ലാം ഡെമോക്രാറ്റ് പാനലിസ്റ്റുകള്‍ ചോദിച്ചപ്പോള്‍ അതേ നാണയത്തില്‍ തന്നെ റിപ്പബ്ലിക്കന്‍ പാനലിസ്റ്റുകള്‍ തിരിച്ചടിച്ചു.
ഡോനാള്‍ഡ് ട്രമ്പിന്റെ ചില പ്രസ്താവനകളോ കഴമ്പില്ലാത്ത ഭൂതകാല ചെയ്തികളോ പൊക്കിയെടുത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും ട്രമ്പിനേയും താറടിക്കാനൊ സദാചാര പോലീസ് ചമഞ്ഞ് രാഷ്ട്രീയ സദാചാരം പഠിപ്പിക്കാന്‍ ഹില്ലരി ക്ലിന്റന് കൃാംമ്പ് മഞ്ഞുകൊണ്ട് തുനിയേണ്ട തില്ലെന്ന് റിപ്പബ്ലിക്കന്‍ പാനല്‍ കൈചൂണ്ടി ഡെമോക്രാറ്റിക് പാനലിനെ താക്കീത് ചെയ്തു. ഭര്‍ത്താവ് ക്ലിന്റന്റെ വൈറ്റ്ഹൗസ് ലീലാ വിലാസങ്ങളും, ഉത്തരവാദിത്ത ബോധമില്ലാതുള്ള ഇമെയില്‍ വിവാദവും വോട്ടറന്മാര് മറക്കാന്‍ സാധ്യതയില്ലെന്നവര്‍ തുറന്നടിച്ചു. ഡെമോക്രാറ്റ് നോമിനി ഹില്ലരി ക്ലിന്റന് വിവിധ തരം സ്പെഷ്യല്‍ താല്‍പ്പര്യക്കാരുടേയും നിക്ഷിപ്ത ക്യാപിറ്റലിസ്റ്റുകളുടേയും തടവറയിലാണ്. തെരഞ്ഞെടുപ്പ് സംഭാവനയുടെ പേരില്‍ ശരിയായ കണക്കില്ലാതെ എത്ര തുകയാണ് അവര്‍ ഒതുക്കുന്നത്. അവര്‍ അഭിപ്രായങ്ങള്‍ തരം പോലെ മാറ്റി പറയുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇറാക്ക് യുദ്ധത്തെ പിന്തുണച്ച ഹില്ലരി ക്ലിന്റന് ഇപ്പോഴതിനെ തള്ളിപ്പറയുന്നു. ലോകത്തെമ്പാടും യു.എസിലും എത്രയെത്ര ഭീകരാക്രമണമാണ് നടമാടുന്നത്? ഡെമോക്രാറ്റിക് പ്രസിഡന്റ് ഒബാമയുടെ അഴകൊഴമ്പന്‍ നയത്തിന് ചൂട്ടുപിടിക്കുന്ന ഹില്ലരി അതിനെല്ലാം ഒരു പരിധി വരെ ഉത്തരവാദിയല്ലെ? അനിയന്ത്രിതമായ നിയമ വിരുദ്ധമായ യു.എസിലേക്കുള്ള കുടിയേറ്റങ്ങളെ തടയാന്‍ ഹില്ലരിക്ക് യാതൊരു പ്ലാനുമില്ല. അതിന് ഡോനാള്‍ഡ് ട്രംബിന് വ്യക്തമായ പദ്ധതികളുണ്ട ്. അതിനെ ഒരു പരിധി വരെ തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ വേണ്ട ി വന്നാല്‍ അദ്ദേഹം മതില് കെട്ടുമെന്ന് പ്രഖ്യാപിച്ചതില്‍ എന്താണ് തെറ്റ്. ഒരു പ്രത്യേക വിഭാഗത്തില്‍ നിന്ന് കൂടുതലായ ഭീകരാക്രമണങ്ങല്‍ നടക്കുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഒരു പരിധി വരെ മുസ്ലീംങ്ങളായാലും അത്തരക്കാരെ കര്‍ശനമായ കുടിയേറ്റ നിയമത്തിനു വിധേയരാക്കണമെന്ന് ട്രംബ് പറഞ്ഞത്. അമേരിക്കന്‍ ജനതയുടെ സുരക്ഷയാണ് ട്രംബ് അതുകൊണ്ട ് ഉദ്ദേശിക്കുന്നതെന്ന് ട്രംബ് അനുകൂല പാനല്‍ ശക്തിയുക്തം വാദിച്ചു.
ഡോനാള്‍ഡ് ട്രംബ് പലപ്പോഴായി പല ബിസിനസിലും നികുതി വെട്ടിച്ചില്ലെ? നികുതി കൊടുക്കാതിരിക്കാന്‍ പല അടവുകളും പ്രയോഗിച്ചിട്ടില്ലെ? എത്രയോ കൊല്ലങ്ങളിലെ ടാക്സ് റിട്ടേണുകള്‍ പബ്ലിക്കിന് അറിവിലേക്കായി സമര്‍പ്പിക്കാന്‍ പോലും ഈ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തയ്യാറാകുന്നില്ല. സമൂഹത്തിലെ ഉയര്‍ന്ന വരുമാനക്കാര്‍ക്കും വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കും സബ്സിഡിയും നികുതി ആനുകൂല്യങ്ങളും നല്കി സാധാരണക്കാരേയും പാവപ്പെട്ടവരേയും ഞെക്കിപിഴിയാനാണ് ട്രമ്പിന്റെ വിവിധ പ്ലാനുകള്‍. കമ്പനികളും തൊഴിലുകളും വിദേശത്തേക്കു പോകുന്നു, ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നു എന്നു പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്ന ട്രമ്പ് തന്നെ തങ്ങളുടെ ജോലികള്‍ വിദേശത്തേക്ക് പറിച്ചു നട്ടില്ലേ? റിപ്പബ്ലിക്കന്സല്ലെ കൂടുതലായി ഫ്രീട്രെയിഡിന്റേയും ഗ്ലോബലയിസേഷന്റേയും വക്താക്കള്‍? അവരുടെ തന്നെ പ്രസിഡന്റായിരുന്ന റോനാള്‍ഡ് റീഗനല്ലെ ടിയര്‍ ഡൗണ്‍ ദാറ്റ് വാള് എന്നു പറഞ്ഞ് ബര്‍ലിന്‍ വാള് ജര്‍മ്മനിയില്‍ നിന്ന് നീക്കിയത്. എന്നിട്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പിന്‍ഗാമി ആകാന്‍ ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍ ഡോനാള്‍ഡ് ട്രമ്പ് ഔട്ട്സോഴ്സിനെതിരെ വിലപിക്കുന്നു, മെക്സിക്കൊക്കെതിരെ മതില് കെട്ടണമെന്നു പറയുന്നു. എന്തൊരു യുക്തിയില്ലായ്മ, വിരോധാഭാസം! ഡെമോക്രാറ്റിക് പാനലിസ്റ്റുകള്‍ പറഞ്ഞു.
പാക്കിസ്ഥാന് പ്രസിഡന്റ് നവാസ് ഷരീഫ് സമീപകാലത്ത് പറഞ്ഞു, അമേരിക്ക അസ്തമിച്ചു കൊണ്ട ിരിക്കുകയാണ്. അതിന്റെ പ്രസിഡന്റിന്റെ ലോകനേതൃത്വത്തിന് മങ്ങലേറ്റു എന്ന്. അതിന് ഒബാമ ഭരണകൂടവും ഡെമോക്രാറ്റുകളുമല്ലെ കാരണം. ഒബാമയുടെ നയങ്ങള്‍ പിന്തുടരാന് പോകുന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് ഹില്ലരിയുടെ ഭരണം വന്നാല്‍ അമേരിക്കയുടെ വിദേശത്തുള്ള സ്ഥാനം ഇനിയും ഇടിയുകയില്ലെ? ഇപ്പോഴത്തെ ഫെഡറല്‍ നയങ്ങള്‍ തുടര്‍ന്നാല്‍ യു.എസ് ട്രഷറി കാലിയാകും. സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയ്ഡ്, മെഡികെയര്‍ പെയ്മെന്റ് കാലക്രമേണ നിലക്കും. ലക്കും ലഗാനുമില്ലാതെയാണ് യു.എസ്. ഡോളര്‍ പ്രിന്റു ചെയ്യുന്നത്. നാഷണല്‍ കടബാധ്യത ഉച്ചകോടിയിലെത്തിക്കൊണ്ട ിരിക്കുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിവേഗം വര്‍ദ്ധിച്ചു കൊണ്ട ിരിക്കുകയാണ്. അതിനാല്‍ ഒരു ഭരണമാറ്റം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക്, ഡോനാള്‍ഡ് ട്രമ്പിലേക്കുണ്ട ാകണം. റിപ്പബ്ലിക്കന്‍ പാനലിസ്റ്റുകള്‍ വാദിച്ചു.
എന്നാല്‍ ഡെമോക്രാറ്റിക് പാനലിസ്റ്റുകള്‍ കത്തിക്കയറി. പലപ്പോഴും യു.എസിനെ ഓരോ യുദ്ധങ്ങളിലേക്ക് നയിച്ചത് റിപ്പബ്ലിക്കന്‍സാണ്. ഇറാക്ക് യുദ്ധത്തിലേക്കും സദ്ദാംഹുസൈന്റെ വധത്തിലേക്കും നയിച്ചതാരാണ്? റിപ്പബ്ലിക്കന്‍സിലെ ജോര്‍ജ് ബുഷ് പ്രസിഡന്റ്. എത്രയെത്ര ഭീകര ആക്രമണങ്ങളാണദ്ദേഹം അതുമൂലം സൃഷ്ടിച്ചത്? സാമ്പത്തികമായി തകര്‍ന്ന യു.എസിനെ ഒപ്പം സ്റ്റോക്ക് മാര്‍ക്കറ്റിനെ പിടിച്ചുയര്‍ത്തിയത് ഡെമോക്രാറ്റിക് പ്രസിഡന്റ് ഒബാമയുടെ നയങ്ങളല്ലെ? റിപ്പബ്ലിക്കന്‍സിന് ഭീകരനായ ബിന്‍ലാഡനെ പിടിക്കാന്‍ പറ്റിയൊ? അതിനും ഡെമോക്രാറ്റിക് പ്രസിഡന്റായ ബരാക്ക് ഒബാമ വേണ്ട ി വന്നില്ലേ? ഒബാമയുടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പോടെ യു.എസില്‍ ആദ്യമായി ഒരു കറുത്ത വര്‍ക്ഷക്കാരന്‍ പ്രസിഡന്റായി. അതുപോലെ യു.എസ്. ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ ഹില്ലരി ക്ലിന്റന് പ്രസിഡന്റായി ചരിത്രം സൃഷ്ടിക്കും. അക്കാര്യത്തില്‍ സംശയമില്ലെന്ന് ഡെമോക്രാറ്റിക് പാനലുകാര്‍ വാദിച്ചപ്പോള്‍ അതു നടക്കാത്ത ഒരു മലര്‍പ്പൊടിക്കാരന്റെ വെറും ഒരു ദിവാസ്വപ്നമായിരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാനലിസ്റ്റുകള്‍ ശക്തിയുക്തം വാദിച്ചു.
തുല്യ ശക്തികളുടെ ഒരു വാക്ക്മയ പോരാട്ടമായിരുന്നു ഈ ഡിബേറ്റ്. ലഭ്യമായ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് രണ്ടു പാര്‍ട്ടിക്കും തുല്യപരിഗണനയും ചിട്ടയും ഓര്‍ഡറും നിലനിര്‍ത്താന്‍ കേരളാ ഡിബേറ്റ് ഫോറത്തിനുവേണ്ടി ഡിബേറ്റ് മോഡറേറ്റ് ചെയ്ത എ.സി. ജോര്‍ജിന് കഴിഞ്ഞു. ഏതാണ്ട ് മൂന്നു മണിക്കൂര്‍ ദീര്‍ഘിച്ച ഈ ഡിബേറ്റില്‍ ചോദ്യങ്ങള്‍ ചോദിച്ചവര്‍ ബാബു കുരവക്കല്‍, ജോണ്‍ കുന്തറ, ജോണ്‍ മാത്യു, മേരി കുരവയ്ക്കല്‍, ബോബി മാത്യു, മാത്യു നെല്ലിക്കുന്ന്, ശങ്കരന് കുട്ടി പിള്ള, ജയിംസ് മുട്ടുങ്കല്‍, ജീമോന്‍ റാന്നി, ബ്ലസന്‍ ഹ്യൂസ്റ്റന്‍, ശ്രീ പിള്ള, തോമസ് തയ്യില്‍, തോമസ് മാത്യു, മോട്ടി മാത്യു, സാബൂ നയിനാന്‍, ജേക്കബ് ഈശൊ, ജോര്‍ജ് പോള്‍, മെല്വിന് മാത്യു, ജയിസന് ജോര്‍ജ്, ഷിജിമോന്‍ ഇഞ്ചനാട്ട് തുടങ്ങിയവരാണ്. ഡിബേറ്റിന്റെ ക്ലോസിംഗ് പ്രസ്താവനയായി പാര്‍ട്ടി ഏതായാലും അവരവരുടെ സമ്മതിദാനാവകാശം ഏവരും വോട്ടു ചെയ്തു പ്രകടിപ്പിക്കണമെന്ന് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ അടിവരയിട്ടു പറഞ്ഞു.