ജനീവ: ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്ന കൊതുകുവഴി പകരുന്ന സിക വൈറസ് അമേരിക്കന്‍ വന്‍കരയിലെ കാനഡയും ചിലിയും ഒഴിച്ചുള്ള രാജ്യങ്ങളില്‍ പടരുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. സിക വൈറസ് ‘മൈക്രോസിഫാലി’ എന്ന രോഗാവസ്ഥക്ക് കാരണമാകുന്നു എന്നുകരുതുന്ന എന്നാല്‍, തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു വൈറസാണ്. ഗര്‍ഭിണിയെ ഈ വൈറസ് ബാധിക്കുമ്പോള്‍ ജനിക്കുന്ന കുഞ്ഞിന്റെ തല സാധാരണയില്‍ കവിഞ്ഞ് ചെറുതായിപോകുന്ന അവസ്ഥയാണ് മൈക്രോഫാലി. അമേരിക്കന്‍ വന്‍കരയിലെ 55 രാജ്യങ്ങളിലായി 21 പേരില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടത്തെിയിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന ഞായറാഴ്ച പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. സിക ഡെങ്കു ചികുന്‍ഗുനിയ എന്നീ വൈറസുകള്‍ പരത്തുന്ന എയ്ട്‌സ് ഈജിപ്‌ററി കൊതുകുകള്‍ ഇവിടങ്ങളില്‍ നേരത്തേതന്നെ ഉണ്ടായിരുന്നു. മേയ് അവസാനം ബ്രസീലില്‍ ഈ വൈറസ് ആവിര്‍ഭവിച്ചപ്പോള്‍തന്നെ ഈ പ്രദേശത്തുള്ളവര്‍ പ്രതിരോധനടപടികള്‍ എടുക്കാത്തതിനാലാണ് വൈറസ് വളരെവേഗം വ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എയിടീസ് കൊതുകിനെ കണ്ടത്തെിയിടത്തെല്ലാം ഈ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഗര്‍ഭിണികളായ സ്ത്രീകളോട് വൈറസ് ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റില്‍ ഒളിമ്പിക്‌സ് നടക്കുന്ന ബ്രസീലില്‍ മുന്‍കരുതലായി അപായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രസീലില്‍ 3893 ‘മൈക്രോസിഫാലി’ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊളംബിയ, എക്വഡോര്‍, സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ സ്ത്രീകളോട് ഗര്‍ഭധാരണംതന്നെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.