പ്യോങ്യാങ്: ഏതുസമയത്തും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന് തയാറെടുക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ സൈന്യത്തിന് നിര്‍ദേശംനല്‍കി. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആണവപരീക്ഷണത്തെയും ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണത്തെയും തുടര്‍ന്ന് ഉത്തരകൊറിയക്കെതിരെ യു.എന്‍ ഉപരോധം ശക്തമാക്കിയ സാഹചര്യത്തിലാണ് ഉന്നിന്‍െറ ഉത്തരവ്. ലോകരാജ്യങ്ങളില്‍ ഉത്തരകൊറിയയെ ഒറ്റപ്പെടുത്താനും സാമ്പത്തികനില തകര്‍ക്കാനുമാണ് ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നത്.
‘ശത്രുക്കള്‍ക്കെതിരെ യുദ്ധത്തിന് തയാറാറെടുക്കുക, ഇപ്പോള്‍ നമ്മുടെ സമയമാണ്’ -ഉന്‍ ആഹ്വാനംചെയ്തു. വഞ്ചകരായ അമേരിക്കയുമൊത്ത് ഉത്തരകൊറിയക്കെതിരെ പടനയിക്കുന്നത് ദക്ഷിണകൊറിയയുടെ നാശത്തിലേക്ക് നയിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയ ഉന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ഗൂനെയെ പേരെടുത്ത് പറഞ്ഞാണ് അമര്‍ഷം പ്രകടിച്ചത്. അവരുടെ ഭ്രാന്ത് വന്‍ പതനത്തിലേക്കായിരിക്കും നയിക്കുക. അധികകാലം ഭരിക്കാമെന്ന് കരുതേണ്ടെന്നും ഉന്‍ മുന്നറിയിപ്പ് നല്‍കി.
യു.എന്‍ ഉപരോധത്തിന് ആറു ഹ്രസ്വദൂര പ്രോജക്റ്റൈല്‍സ് വിക്ഷേപിച്ചാണ് ഉത്തരകൊറിയ മറുപടിനല്‍കിയത്. ഉത്തരകൊറിയയുടെ പ്രകോപനപരമായ നീക്കങ്ങളെ കരുതിയിരിക്കാന്‍ അമേരിക്ക സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ആത്മനിയന്ത്രണം പാലിക്കണമെന്ന് റഷ്യ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു.