ആരോഗ്യരക്ഷ നേടണമെങ്കില്‍ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നാല്‍ ഇന്ന് ഇലക്കറികള്‍ ആഹാരത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ ഫലമാണ് പെരുകുന്ന ജീവിതശൈലി രോഗങ്ങള്‍. വല്ലപ്പോഴുമെങ്കിലും ഇലകളിലേക്ക് തിരിച്ചു പോയാല്‍ സുസ്ഥിരമായ ആര്യോഗ ജീവിതം നേടിയെടുക്കാവുന്നതേയുള്ളു. അതിന് ഓരോ ഇലകളുടെയും പോഷകങ്ങളും പ്രത്യേകതകളും അറിഞ്ഞിരിക്കണം.
ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളെയും പത്തിലകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രദാനം ചെയ്യുന്നവയാണ് ഇവ. ഈ പത്തിലകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
പയറില
പയര്‍വര്‍ഗങ്ങളില്‍ ഏറ്റവും ഉത്തമം ചെറുപയറാണ്. ഇതിന്റെ ഇലകൊണ്ടുള്ള ഇലക്കറി അത്യുത്തമം. ശരീരകാന്തിയും ദഹനശക്തിയും വര്‍ദ്ധിപ്പിക്കാന്‍ പയറിന്റെ ഇലയ്ക്ക് കഴിയും. കരള്‍ വീക്കം ശമിപ്പിക്കാന്‍ ഉത്തമമാണ്. മാസ്യം, ധാതുക്കള്‍, ജീവികം എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
തഴുതാമയില
കേള്‍ക്കുമ്പോള്‍ തമാശ തോന്നുന്ന പേരാണെങ്കിലും കരുത്തനാണ് തഴുതാമ. രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന മനുഷ്യ ശരീരത്തെ പുനര്‍നിര്‍മ്മിക്കാന്‍ തഴുതാമയില ഭക്ഷണമാക്കിയാല്‍ കഴിയുമെന്ന് ആയുര്‍വേദം പറയുന്നു. ആയുര്‍വേദത്തിലെ ഈ ഔഷധ സസ്യത്തെ പുനര്‍നവ എന്നാണ് പറയുന്നത്. ശരീരത്തിലെ കൊഴുപ്പും രക്തത്തിലെ കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ തഴുതാമയിലയ്ക്ക് കഴിയും. മഞ്ഞപ്പിത്തം, അസ്ഥിസ്രാവം, ആസ്മ, മഹോദരം എന്നിവ ശമിപ്പിക്കാന്‍ തഴുതാമയുടെ ഇല ഉത്തമമാണ്. രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച അകറ്റാനും ശരീരത്തിലെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഈ ഇല ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.
മത്തയില
ആയുര്‍വേദത്തിലെ പത്തിലകളില്‍ ഏറ്റവും പ്രധാനമാണ് മത്തയില. തളിരില, പൂവ്, കായ്, തണ്ട് ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ് മത്തയുടേത്. ജീവികം എ. സി എന്നിവയുടെ കലവറ കൂടിയാണ് മത്ത. ധാതുക്കള്‍ക്കൊണ്ട് സമ്പന്നമായ മത്തയില ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഉത്തമമാണ്.
മുള്ളന്‍ചീര
ആയുര്‍വേദത്തിലെ പത്തിലകളില്‍ പ്രധാനമാണ് മുള്ളന്‍ചീയും. മുള്ളന്‍ ചീരയുടെ ഇലകളും തണ്ടും ഭക്ഷ്യയോഗ്യമാണ്. മൂത്രാശയ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ അകറ്റുന്നു.
തകരയില
തകര ഇലയില്‍ എ മോഡിന്‍ എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാന്‍ തകരയിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് വരുന്ന ചര്‍മ്മരോഗങ്ങള്‍ ഏറ്റവും സ്വാഭാവികമായ പ്രതിവിധിയാണ് തകരയിലെ കറിവെച്ച് കഴിക്കുക എന്നത്.
കൊടകന്‍ ഇല
തലച്ചോറിലെ ഞരമ്പുകളെ ശക്തിപ്പെടുത്തി ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പ്രദാനം ചെയ്യാന്‍ കൊടകന്‍ ഇലയ്ക്ക് കഴിയും. ഹൃദയത്തിന് ശക്തി വര്‍ധിപ്പിക്കുന്ന കൊടകന്‍ സുഖനിദ്രയും പ്രധാനം ചെയ്യുന്നു. അപസ്മാരം, ബുദ്ധിക്കുറവ്, ആര്‍ത്തവ സംന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് കൊടകന്‍.
ഉപ്പൂഞ്ഞന്‍
ഈ ഇലയുടെ കറി ഉപയോഗിച്ചാല്‍ രക്തശുദ്ധി വരുത്തുന്നതാണ്. ശരീരത്തിലെ കഫം കുറയ്ക്കാനും സഹായിക്കും. ശരീരകാന്തിക്കും ഈ ഇലയുടെ ഉപയോഗം ഉത്തമം