വടകര: ‘ഒരോ നിമിഷവും ആയുസ്സ് നീട്ടിക്കിട്ടുന്ന ജീവിതമാണെന്േറത്. ’99ല്‍ മരണത്തെ മുഖാമുഖം കണ്ടു. ഇപ്പോഴിതാ ആര്.എസ്.എസ്യു.ഡി.എഫ് ഗൂഡാലോചന അതിജീവിച്ചുകഴിയുന്നു. കമ്യൂണിസ്റ്റ് കാരന്റെ ജീവിതം ഇങ്ങനെയൊക്കത്തെന്നെയാണ്’ കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സഹോദരി അഡ്വ. പി. സതീദേവിയുടെ വടകരചോറോട്ടെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാക്കുകള്‍. എന്തൊക്കെ ചര്‍ച്ചകളായിരുന്നു. രോഗനാടകമാണെന്നതുള്പ്പെടെ. കോടതിക്ക് കാര്യം ബോധ്യപ്പെട്ടു. അതാണ് ജാമ്യം ലഭിക്കാനിടയാക്കിയത്. നാലുതവണ ആന്ജിയോപ്ളാസി ചെയ്തയാളാണ് താന്‍. നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. എല്ലാം മനസ്സിലാക്കിയിട്ടും ചികിത്സ നിഷേധിക്കാനുള്ള ശ്രമമാണ് നടന്നത്. ഇനിയൊരിക്കലും പുറത്തിറക്കില്ളെന്ന രീതിയിലായിരുന്നു നീക്കം. ഇതിനായി ആര്.എസ്.എസിന്റെ താല്പര്യത്തിനൊപ്പം യു.ഡി.എഫും കൂട്ടുനിന്നുവെന്ന് ജയരാജന് ആരോപിച്ചു. ആയുര്‍വേദചികിത്സ തുടരുകയാണ്. സി.പി.എം പ്രവര്‍ത്തകരെ സംബന്ധിച്ച് ഏത് രംഗത്ത് പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. നാളിത്രയും പാര്‍ട്ടിനിര്‍ദേശം അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നായിരുന്നു മത്സര രംഗത്തേക്കുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടി.