ആറു സ്വര്‍ണം കൂടി; കേരളം മുന്നോട്ട്

download
5:35am
01/02/2016

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ജൂനിയര്‍ വിഭാഗം ലോങ്ജംപില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ ലിസ്ബത്ത് കരോലിന്‍ ജോസഫ് (ബൈജു കൊടുവള്ളി)
കോഴിക്കോട്: ഒറ്റ ലാപില്‍ പിഴച്ച കേരളം ചാടിയും എറിഞ്ഞും നേടി ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കുതിപ്പ് തുടരുന്നു. ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തിലെ പോരാട്ടങ്ങളുടെ രണ്ടാം ദിനം ആറു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും കൂടി കൊട്ടയില്‍ നിറച്ച ആതിഥേയര്‍ 69 പോയന്റുമായി ഒരു കാതം മുന്നിലത്തെി. 21 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 10 സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവുമാണ് മൊത്തം സമ്പാദ്യം. രണ്ടു സ്വര്‍ണം വീതം നേടിയ മഹാരാഷ്ട്ര 22ഉം ഉത്തര്‍പ്രദേശ് 17ഉം പോയന്റുമായി രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു.

ട്രാക്കില്‍ ആറും ഫീല്‍ഡില്‍ ഒമ്പതും സ്വര്‍ണം നിശ്ചയിക്കപ്പെട്ട ശനിയാഴ്ച ഒറ്റ റെക്കോഡ് മാത്രമാണ് പിറന്നത്. കേരളം എന്നും നിറഞ്ഞുനിന്ന 400 മീറ്ററില്‍ പെണ്‍കുട്ടികളാണ് ആതിഥേയരുടെ മാനം കാത്തത്. സീനിയര്‍ വിഭാഗത്തില്‍ ഷഹര്‍ബാന സിദ്ദീഖും ജൂനിയര്‍ വിഭാഗത്തില്‍ സ്‌നേഹയും സ്വര്‍ണമണിഞ്ഞപ്പോള്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ സി. ചിത്രയും സി. ചാന്ദ്‌നിയും വെള്ളിയും വെങ്കലവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒരു മെഡല്‍ പോലും ലഭിച്ചില്ല.

ഉത്തരേന്ത്യക്കാര്‍ വാഴുന്ന ത്രോ ഇനങ്ങളില്‍ ആതിഥേയരുടെ മേഘ മറിയം മാത്യുവും പി.എ അതുല്യയും സ്വര്‍ണ നേട്ടത്തിലൂടെ ചരിത്രമെഴുതി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ 11.92 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ അതുല്യ 32.29 ദൂരം കുറിച്ചു.

ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ റെക്കോഡ് ചാട്ടം പിഴച്ച ദിവ്യ മോഹന്‍ 3.20 മീറ്റര്‍ മറികടന്ന് സ്വര്‍ണത്തിലത്തെി. റാഞ്ചിയില്‍ സ്വര്‍ണം നേടിയ നിവ്യ ആന്റണിക്കാണ് വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ് സ്വര്‍ണത്തിലേക്ക് ചാടിയപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ചാട്ടത്തില്‍ ഗിഫ്റ്റ് ഗോഡ്‌സണിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഉത്തര്‍പ്രദേശിന്റെ രുദ്ര നാരായണ്‍ പാണ്ഡെയാണ് ഇന്നലത്തെ ഏക റെക്കോഡിനുടമ. മീറ്റിലെ വേഗം കൂടിയ ഓട്ടക്കാരെ തീരുമാനിക്കുന്ന ഞായറാഴ്ച 23 ഇനങ്ങളില്‍ സ്വര്‍ണം നിശ്ചയിക്കും