ആലപ്പുഴ കൊലപാതക കേസ്സില്‍ ആര്‍.എസ്.എസിനെ സര്‍ക്കാര്‍ സഹായിക്കുന്നെന്ന്: പ്രതിപക്ഷം

12:46pm
18/02/2016
download
തിരുവനന്തപുരം: ആലപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഷിബു കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ കൊലപാതകം കൂടാതെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവും പി. ജയരാജന്റെ അറസ്റ്റും കാരായിമാര്‍ തദ്ദേശ സ്ഥാപനങ്ങളിലെ പദവികള്‍ രാജിവെച്ച സംഭവവും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എ.എം ആരിഫ് സഭയില്‍ ഉന്നയിച്ചു.

ആര്‍.എസ്.എസുകാര്‍ പ്രതികളായ കേസുകളില്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ആര്‍.എസ്.എസുകാര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുന്നു. ആലപ്പുഴ കൊലപാതകത്തില്‍ പൊലീസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരിഫ് പറഞ്ഞു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം ലഭിക്കാത്തിരിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലിയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടന്നു. കാരായി ചന്ദ്രശേഖരനും കാരായി രാജനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്തതാണ്. ഇവര്‍ക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയതും ആഭ്യന്തര വകുപ്പാണ്. സി.പി.എം നേതാക്കളെ വേട്ടയാടാനുള്ള ആര്‍.എസ്.എസ് നീക്കത്തിന് കുട പിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആരിഫ് ചൂണ്ടിക്കാട്ടി.

ആലപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഷിബു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ എസ്.പിക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയില്‍ വിശദീകരിച്ചു. സംഭവം രാഷ്ട്രീയ കൊലപാതകമല്ല. പ്രത്യേകസംഘം അന്വേഷണം നടത്തും. കഞ്ചാവുമായി ബന്ധപ്പെട്ട് ചിലര്‍ക്കെതിരെ ഷിബു പരാതി നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം ഇക്കാര്യം കൊല്ലപ്പെട്ട ഷിബുവിന്റെ മൊഴിയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.