ബാഴ്സലോണ: പുതിയ മൊബൈല്‍ കണക്ഷനെടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖക്കായി ഇലക്ട്രോണിക് കെ.വൈ.സിക്ക് ആധാര്‍ ഉപയോഗപ്പെടുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശിപാര്‍ശ. സോളിസിറ്റര്‍ ജനറലിന്റെയും അറ്റോണി ജനറലിന്റെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചശേഷമാണ് ടെലികോം വകുപ്പിന് ഇതുസംബന്ധിച്ച ശിപാര്‍ശ നല്‍കിയതെന്ന് ട്രായ് ചെയര്മാന് ആര്.എസ്. ശര്‍മ മോബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പറഞ്ഞു. മൊബൈല്‍ കണക്ഷന് ലഭിക്കാനുള്ള ആധികാരിക രേഖകളിലൊന്നായി ആധാറിനെ പരിഗണിക്കണമെന്നും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ രൂപവത്കരിച്ചുകഴിഞ്ഞാല്‍ ആധാറിന്റെ ബയോമെട്രിക് വിവരശേഖരം ഇതിനായി ഉപയോഗപ്പെടുത്താനാകും. ഇത് സൂക്ഷ്മപരിശോധനാ നടപടികള്‍ വേഗത്തിലാക്കാനും പേപ്പര്‍ ഉപയോഗം കുറച്ച് ഇടപാടുകള്‍ കൂടുതല്‍ ഓണ്‍ലൈനിലാക്കാനും സഹായിക്കും. മ്യൂച്വല്‍ ഫണ്ടുകളിലും മറ്റും കെ.വൈ.സിക്കായി ആധാറിന്റെ ഇലക്ട്രോണിക് ഡാറ്റ ഉപയോഗപ്പെടുത്താന്‍ നേരത്തേ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഉപഭോക്താവ് ആധാര്‍ നമ്പര്‍ മാത്രം നല്കിയാല് തിരിച്ചറിയലിനായി ബാക്കി വിവരങ്ങള്‍ ആധാറിന്റെ വിവരശേഖരത്തില്‍നിന്ന് കൈമാറുകയാണ് ചെയ്യുക. യു.ഐ.ഡി.എ.ഐ ഇതിനോടകം 97.93 കോടി ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. സമര്‍പ്പിക്കപ്പെടുന്ന തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് ഒന്നിലധികം പേര്‍ക്ക് ഒരേ വിലാസത്തില്‍ സിം കാര്‍ഡുകള്‍ ഇടനിലക്കാര്‍ നല്‍കുന്നത് സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും ശര്‍മ പറഞ്ഞു.