മൊഹാലി: റണ്‍സ് പിന്തുടരുമ്പോള് വിരാട് കൊഹ്ലി സെഞ്ചുറി അടിച്ചാല്‍ പിന്നെ ഇന്ത്യ ജയിക്കാതിരിക്കുന്നത് എങ്ങനെ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യത്തില്‍ പകുതിയിലധികവും ഒറ്റയ്ക്ക് അടിച്ചെടുത്ത കൊഹ്ലിയുടെ ബാറ്റിംഗ് മികവില്‍ മിന്നുന്ന ജയവുമായി ഇന്ത്യ ഏകദിന പരമ്പരയില്‍ 2-1ന് മുന്നിലെത്തി. 154 റണ്‍സുമായി പുറത്താകാതെ നിന്ന കൊഹ്ലിക്ക് 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ എം.എസ്.ധോനിയുടെ പിന്തുണ കൂടിയായപ്പോള്‍ 10 പന്തും ഏഴു വിക്കറ്റും ബാക്കി നിര്‍ത്തി മൊഹാലിയില്‍ ഇന്ത്യ അനായാസം ജയിച്ചു കയറി. സ്കോര്‍ ന്യൂസിലന്‍ഡ് 49.4 ഓവറില്‍ 284ന് ഓള് ഔട്ട്, ഇന്ത്യ 48.2 ഓവറില്‍ 289/3. 28 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മനീഷ് പാണ്ഡെയായിരുന്നു വിജയത്തില്‍ കൊഹ്ലിയുടെ കൂട്ട്.
മഞ്ഞുവീഴ്ച കീവീസ് ബൗളര്‍മാരെ കുഴക്കുമെന്ന് കരുതിയാണ് ധോനി ടോസ് നേടിയപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ബൗളിംഗ് തെരഞ്ഞെടുത്തത്. എന്നാല്‍ കീവിസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(13) അജിങ്ക്യാ രഹാനെയും(5) മഞ്ഞുവീഴ്ച തുടങ്ങും മുമ്പെ ക്രീസ് വിട്ടു. 41/2 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ധോനി ക്രീസിലിറങ്ങിയതോടെ ടോപ് ഗിയറിലായി. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ധോനി ആക്രമിച്ച് കളിച്ചപ്പോള്‍ കൊഹ്ലി പിന്തുണക്കാരനായി. 80 റണ്‍സെടുത്ത ധോനി പുറത്താവുമ്പോള്‍ ഇന്ത്യ 192ല്‍ എത്തിയിരുന്നു. 151 റണ്‍സിന്റെ കൂട്ടുകെട്ട്. ഇതിനിടെ ഏകദിനത്തില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും ഇന്ത്യന്‍ ക്യാപ്റ്റന്‍ പിന്നിട്ടു.
ധോനി പുറത്തായശേഷമായിരുന്നു മൊഹാലിയില്‍ ശരിക്കുള്ള വിരാട് കൊഹ്ലി ഷോ അരങ്ങേറിയത്. കൊഹ്ലി ആറ് റണ്‍സില്‍ നില്‍ക്കെ കൈവിട്ടുകളഞ്ഞ റോസ് ടെയ്ലറുടെ മനസിലെ മുറിവില്‍ മുളകുപുരട്ടി കൊഹ്ലി അടിച്ചുതകര്‍ത്തു. 104 പന്തിലാണ് കൊഹ്ലി തന്റെ ഇരുപത്തിയാറാം ഏകദിന സെഞ്ചുറിയിലേക്കെത്തിയത്. റണ്‍സ് പിന്തുടരുമ്പോള് നേടുന്ന പതിനാറാം സെഞ്ചുറിയും. അടുത്ത 30 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്ത കൊഹ്ലി മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഇന്ത്യയെ വിയര്‍പ്പൊഴുക്കാതെ വിജയവര കടത്തി.
നേരത്തെ തുടര്‍ച്ചയായ മൂന്നാം തവണയും ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കീവീസ് മികച്ച തുടക്കത്തിനുശേഷം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെങ്കിലും വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിന്റെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ഒരുഘട്ടത്തില്‍ 153/2 എന്ന മികച്ച നിലയിലായിരുന്ന കീവികള്‍ 199/8ലേക്ക് കൂപ്പുകുത്തിയശേഷമായിരുന്നു അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. ഒമ്പതാം വിക്കറ്റില്‍ ജിമ്മി നീഷാമും(47 പന്തില്‍ 57) മാറ്റ് ഹെന്റിയും(39) 84 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കീവിസിനെ കരകയറ്റിയത്. റോസ് ടെയ്ലറും(44) ലഥാമും(61) കീവീസിനായി തിളങ്ങിയപ്പോള്‍ ഉമേഷ് യാദവ് ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്തു.