ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ : പി. ചിദംബരം സത്യവാങ്മൂലം തിരുത്തിയെന്ന് ജി.കെ പിള്ള

07:28pm 01/3/2016
th

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ ഏറ്റമുട്ടല്‍ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം തിരുത്തിയെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി. കെ പിള്ള. ഐ.ബിയിലെ കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ചിദംബരം സത്യവാങ്മൂലം തിരുത്തിയതെന്നും പിള്ള എന്‍.ഡി ടിവിയോട് പറഞ്ഞു. സത്യവാങ്മൂലം തയാറാക്കിയത് ചിദംബരത്തിന്റെ മേല്‍നോട്ടത്തിലാണ്. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ചിദംബരത്തിനാണെന്നും ജി.കെ പിള്ള വ്യക്തമാക്കി.

അതേസമയം, ആരോപണത്തില്‍ പി. ചിദംബരത്തിനെതിരായ പൊതുതാത്പര്യ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ജി.കെ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹരജി.

2004 ജൂണ്‍ 15നാണ് ഇശ്‌റത് ജഹാന്‍, ജാവേദ് ശൈഖ് എന്നിവരും സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നീ പാകിസ്താന്‍കാരും അഹ്മദാബാദിനടുത്ത കോതാര്‍പുറിലുണ്ടായ വെടിവെപ്പില്‍ മരിച്ചത്. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നു പറഞ്ഞാണ് ഇവരെ പൊലീസ് വെടിവെച്ചുകൊന്നത്.

ഇശ്‌റത്ത് ജഹാന്‍ ഉള്‍പ്പടെയുള്ളവരെ സുരക്ഷാ സേന വെളിവെച്ചുകൊന്നത് കേന്ദ്ര സര്‍ക്കാറിന്റെ അറിവോടെയായിരുന്നു എന്നും ഉന്നതമായ രാഷ്ട്രീയ ഇടപെടല്‍ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസം പിള്ള പറഞ്ഞിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പദ്ധതിയുടെ ഭാഗമായായിരുന്നു ഏറ്റുമുട്ടലെന്നും ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ ജി.കെ പിള്ളക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് ഇതിന് മറുപടിയായി ചിദംബരം പറഞ്ഞത്. ജി.കെ പിള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സ്വയം അകലം പാലിക്കുകയാണെന്നും അദ്ദേഹം ചിദംബരം പറഞ്ഞു.