09:28 AM 01/11/2016
കെന്റ്: ഇ-മെയില്‍ വിവാദത്തില്‍ എഫ്.ബി.ഐ മേധാവി ജയിംസ് കോമിയെ വെല്ലുവിളിച്ച് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റൻ. എഫ്.ബി.ഐ വേണമെങ്കിൽ പരിശോധിക്കട്ടെയെന്നും ഇവിടെ ഒരു കേസുമില്ലെന്നും ഹിലരി ഒാഹിയോയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പറഞ്ഞു
താൻ തെറ്റ് ചെയ്തതിന് ഒരു തെളിവുമില്ല. ദീർഘകാലം സഹായിയായിരുന്ന ഹുമ അബ്ദിന്റെ ഇമെയിലുകൾ എഫ്.ബി.ഐ പരിശോധിക്കട്ടെയെന്നും ഹിലരി വെല്ലുവിളിച്ചു.
അതേസമയം, എഫ്.ബി.ഐ മേധാവിയെ പുകഴ്ത്തി വൈറ്റ് ഹൗസ് രംഗത്തെത്തി. യു.എസ് പ്രസിഡന്റ് ബറാക് ഒബാമക്ക് ജയിംസ് കോമിയെ വിശ്വാസമാണെന്നും അദ്ദേഹം നല്ല ഉദ്യോഗസ്ഥാനാണെന്നാണ് ഒബാമയുടെ അഭിപ്രായമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഹിലരി ക്ലിന്റന് 2009നും 2013നുമിടയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ചെന്നാണ് ആരോപണം. വിഷയത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരത്തേ എഫ്.ബി.ഐ തീരുമാനിച്ചിരുന്നു. എന്നാല്‍, പുതിയ മെയിലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പുനരന്വേഷണത്തിനായി എഫ്.ബി.ഐ ഒരുങ്ങുന്നത്.