09:34am 01/3/2016
മാംഗോ ഫോണ്‍ ഉടമകളായ ജോസുകുട്ടി അഗസ്റ്റിനും ആന്‍േറാ അഗസ്റ്റിനും കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍
കൊച്ചി: ഗംഭീര പരസ്യവുമായി തിങ്കളാഴ്ച ലോഞ്ചിങ് നടത്തിയ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഉടമകളെ ലോഞ്ചിങ് വേദിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് നടത്തിയ ബാങ്കിടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. അതിനിടെ, മൊബൈല്‍ ഫോണ്‍ ലോഞ്ചിങ് മുന്‍ നിശ്ചയപ്രകാരം നടന്നു. മലയാളി ഉടമസ്ഥതയിലുള്ള മാംഗോ ഫോണ്‍ എന്ന എം ഫോണ്‍ ലോഞ്ചിങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജില്‍ മുഴുപ്പേജ് പരസ്യം നല്‍കി ആഘോഷത്തോടെയായിരുന്നു എറണാകുളം ലെ മെറിഡിയന്‍ ഹോട്ടലില്‍ പുതിയ സ്മാര്‍ട്ട് ഫോണിന്റെ ഉദ്ഘാടനം നിശ്ചയിച്ചത്.
വയനാട് മുട്ടില്‍ സൗത് വില്‌ളേജില്‍ തൃക്കരിപ്പേട്ട മുങ്ങനനായില്‍ റോജി അഗസ്റ്റിന്‍ ചെയര്‍മാനും സഹോദരങ്ങളായ ജോസുകുട്ടി അഗസ്റ്റിന്‍, ആന്‍േറാ അഗസ്റ്റിന്‍ എന്നിവര്‍ പ്രമോട്ടര്‍മാരുമായാണ് എം ഫോണ്‍ കമ്പനി ആരംഭിച്ചത്. എന്നാല്‍, ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഹോട്ടലില്‍നിന്ന് എറണാകുളം ഷാഡോ എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലെ സംഘം ജോസുകുട്ടി അഗസ്റ്റിന്‍, ആന്‍േറാ അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2014 ഡിസംബറില്‍ ഇവര്‍ ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയില്‍നിന്ന് വ്യാജരേഖകള്‍ സമര്‍പ്പിച്ച് 2.68 കോടി വായ്പയെടുത്തെന്ന ബാങ്കിന്റെ പരാതിയിലാണ് അറസ്റ്റ്. പത്ത് ഹെവി വാഹനങ്ങളുടെ രേഖകളും വയനാട് മീനങ്ങാടിയിലെ ഒരേക്കര്‍ സ്ഥലത്തിന്റെ ആധാരവും ഈടുനല്‍കിയാണ് ഇത്രയും തുക വായ്പയെടുത്തതെന്നും തിരിച്ചടവ് മുടങ്ങിയപ്പോള്‍ നടപടിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ഈ രേഖകള്‍ വ്യാജമാണെന്ന് കണ്ടത്തെുകയുമായിരുന്നെന്നാണ് ബാങ്കിന്റെ ആരോപണം. തുടര്‍ന്നാണ് കളമശ്ശേരി പൊലീസില്‍ പരാതിനല്‍കിയത്.
ബാങ്കുമായി വായ്പ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നുമാണ് കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ വിശദീകരിക്കുന്നത്. പുതിയ ഉല്‍പന്നത്തിന്റെ ലോഞ്ചിങ് ദിവസംതന്നെ അറസ്റ്റ് നടത്തിയതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.