ദുബൈ: എണ്ണവിലയിടിഞ്ഞ സാഹചര്യത്തില്‍ ഗള്‍ഫിലെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നു. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 14.5 ശതമാനം വരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ നിരക്ക് 20 ശതമാനത്തിലേറെ കുറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങിലെ ദേശീയ വിമാന കമ്പനികളായ ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവയുടെ നിരക്കുകളാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ യാത്രക്ക് ഈ വിമാന കമ്പനികള്‍ പ്രമോഷന് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ എണ്ണവിലയാണ് ഇത്തരമൊരു മത്സരത്തിന് വിമാന കമ്പനികളെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ ട്രാവല്‍ പോര്‍ട്ടായ ക്ളിയര്ട്രിപ്പിന്റെ കണക്കുകള്‍ പ്രകാരം എമിറേറ്റ്സിന്റെ മിഡിലീസ്റ്റ് സര്‍വീസുകളുടെ നിരക്ക് കഴിഞ്ഞവര്‍ഷം ജനുവരിയേക്കാള്‍ ഇത്തവണ 17.6 ശതമാനത്തിലേറെ കുറഞ്ഞു.
ഇന്ത്യയിലേക്കുള്ള നിരക്ക് 8.5 ശതമാനം കുറഞ്ഞപ്പോള്‍ യുറോപ്പിലേക്കുള്ള എമിറേറ്റ്സിന്റെ നിരക്ക് രണ്ടരശതമാനം വര്‍ധിച്ചു. എന്നാല്‍, ഖത്തര്‍ എയര്‍വേസിന്റെ യൂറോപ്പിലേക്കുള്ള നിരക്ക് 18.5 ശതമാനം കുറഞ്ഞു. ഇന്ത്യയിലേക്കുള്ള നിരക്ക് 14.5 ശതമാനവും മിഡിലീസ്റ്റ് റൂട്ടുകളില്‍ 20.8 ശതമാനവും ഖത്തര്‍ എയര്‍വേസ് കുറച്ചു.
ഇത്തിഹാദിന്റെ യൂറോപ്യന്‍ റൂട്ടുകളിലെ നിരക്ക് 20.7 ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ റൂട്ടുകളിലേക്കുള്ള നിരക്ക് ഒന്നര ശതമാനം മാത്രമേ കുറഞ്ഞുള്ളൂ. അതേസമയം, മിഡിലീസ്റ്റ് നഗരങ്ങളിലേക്കുള്ള നിരക്ക് 12.2 ശതമാനം കുറഞ്ഞിട്ടുണ്ട്.