തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ച അവസാനിക്കും. ജീവശാസ്ത്രം പരീക്ഷയാണ് അവസാന ദിവസം. ചൊവ്വാഴ്ച രസതന്ത്രവും. പഴയ സ്‌കീമിലുള്ള വിദ്യാര്‍ഥികളുടെ ഐ.ടി തിയറി പരീക്ഷകള്‍ മാര്‍ച്ച് 28ന് നടക്കും. സംസ്ഥാനത്താകെ ആറുപേര്‍ മാത്രമാണ് ഈ പരീക്ഷ എഴുതാനുള്ളത്. 476877 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുണ്ടായിരുന്നത്. ഇതില്‍ 474286 പേര്‍ റെഗുലര്‍ വിഭാഗത്തിലും 2591 പേര്‍ പ്രൈവറ്റായും. കഴിഞ്ഞവര്‍ഷം ഫലപ്രഖ്യാപനത്തിലുണ്ടായ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ അതീവ ശ്രദ്ധയോടെയായിരുന്നു പരീക്ഷാനടത്തിപ്പ്. മാര്‍ച്ച് 28, 29 തീയതികളില്‍ ഭാഷാവിഷയങ്ങളുടെ സ്‌കീം ഫൈനലൈസേഷന്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. മറ്റ് വിഷയങ്ങളുടേത് 29, 30 തീയതികളിലും. ഏപ്രില്‍ ഒന്നുമുതല്‍ 16 വരെ 54 കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം നടക്കുക. ഏപ്രില്‍ 25നകം ഫലം പ്രഖ്യാപിക്കും.
മാര്‍ച്ച് 29നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ അവസാനിക്കുക. 9.33 ലക്ഷം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. ഇതില്‍ 460743 പേര്‍ പ്‌ളസ് ടു പരീക്ഷയും 472307 പേര്‍ പ്‌ളസ് വണ്‍ പരീക്ഷയും എഴുതുന്നു. ഏപ്രില്‍ നാലിനാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം തുടങ്ങുന്നത്. 66 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം. അതിന്റെ മുന്നോടിയായി ഉത്തരസൂചികകള്‍ ഹയര്‍സെക്കന്‍ഡറി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.