01:36 pm 23/10/2016
കൊച്ചി : സൗമ്യവധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന എ.ഡി.ജി.പി ബി.സന്ധ്യ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കറ്റ് ജനറല്‍. സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിലെ അഭിഭാഷകരെ സഹായിക്കാന്‍ ബി. സന്ധ്യയെ ഡല്‍ഹിയിലേക്ക് അയച്ചത് സര്‍ക്കാരാണ്. എന്നാല്‍, സർക്കാർ അറിയാതെ കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത്. നിർണായക കേസിൽ സ്വന്തം തീരുമാനപ്രകാരം കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നും സര്‍ക്കാരിനോ, സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ അതില്‍ പങ്കില്ലെന്നും എ.ജി. സി.പി.സുധാകര പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
കേസ് നടത്താൻ സർക്കാർ അറ്റോണി ജനറലിനെ നിയോഗിച്ച അവസ്ഥയിൽ വിരമിച്ച ഒരു ജഡ്ജിയുടെ അടുത്ത് പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആര് പോയി, ആരെ കണ്ടു എന്ന അഭിപ്രായത്തിലല്ല ജഡ്ജിമാര്‍ കേസ് കൈകാര്യം ചെയ്യുന്നത്. കേസിന്റെ മെറിറ്റിനെയും അറ്റോര്‍ണി ജനറല്‍ കേസ് വാദിക്കുന്നതിെൻറ അടിസ്ഥാനത്തിലാണ്. ഇതൊന്നും കേസിനെ ബാധിക്കാനിടയില്ല. എങ്കിലും കട്ജുവുമായുള്ള കൂടിക്കാഴ്ച ആവശ്യമില്ലായിരുന്നുവെന്നും എ.ജി പറഞ്ഞു.
ബി.സന്ധ്യക്കൊപ്പം ജഡ്ജി കെ.രവീന്ദ്രബാബുവും ജസ്റ്റിസ് കട്ജുവിനെ സന്ദർശിച്ചിരുന്നു. ഇത് ശരിയായ കീഴ്വഴക്കമല്ലെന്നും എ.ജി ചൂണ്ടിക്കാട്ടി. തൃശൂർ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ വിചാരണ പൂർത്തിയാക്കി ജഡ്ജി കെ.രവീന്ദ്രബാബു സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വിധിച്ച വധശിക്ഷയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിന്മേലുള്ള പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം ഡൽഹിയിലെത്തി ജസ്റ്റിസ് കട്ജുവിനെ കണ്ടത്.