09.43 AM 30/10/2016
പടിഞ്ഞാറന്‍ മൊസൂള്‍ പിടിക്കാനുള്ള ഷിയാ പോരാളികളുടെ നീക്കം അവസാനഘട്ടത്തില്‍. പ്രധാന കേന്ദ്രമായ അല്‍ തഫറിലേക്ക് ഉടന്‍ ഷിയാ പോരാളികള്‍ കടക്കുമെന്ന് ഷിയാ കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാഖിലെ ഐ.എസിന്റെ അവസാന സങ്കേതങ്ങളിലൊന്നാണ് പടിഞ്ഞാറന്‍ മൊസൂള്‍.
മൊസൂള്‍ പൂര്‍ണ്ണമായും ഐഎസ് വിമുക്തമാക്കാന്‍ ഇനി സഖ്യസേനക്ക് മുന്നില്‍ അവശേഷിക്കുന്നത് പടിഞ്ഞാറന്‍ മൊസൂള്‍ മാത്രമാണ്.ഇവിടേക്ക് ഷിയാ പോരാളികളാണ് മുന്നേറുന്നത്. മൊസൂളില്‍ നിന്നും പൂര്‍ണ്ണമായും ഐ.എസിനെ തുടച്ച് നീക്കാന്‍ ഇറാഖ് സേനയും കുര്‍ദ്ദിഷ് പോരാളികളും ഒപ്പം രംഗത്തുണ്ട്. പടിഞ്ഞാറന്‍ മൊസൂള്‍ പിടിക്കാന്‍ അല്‍ താഫര്‍ പട്ടണം ലക്ഷ്യമാക്കിയാണ് ഷിയാ പോരാളികള്‍ നീങ്ങുന്നത്. ഷിയാക്കളുടെ സമ്പൂര്‍ണ്ണ ആധിപത്യമുണ്ടായിരുന്ന അല്‍ താഫര്‍ 2014ലാണ് ഐ.എസ് പിടിച്ചെടുക്കുന്നത്. അല്‍ താഫര്‍ തിരികെ പിടിച്ചാല്‍ ഐഎസിന് മറ്റിടങ്ങളിലേക്ക് രക്ഷപ്പെടുകയും പ്രയാസമാകും.
ആയിരക്കണക്കിന് ഷിയാ പോരാളികള്‍ ഉടന്‍ ഐ.എസ് ശക്തി കേന്ദ്രത്തിലേക്ക് കടക്കുമെന്ന് ഷിയാ സൈനിക സംഘടനയായ ഹഷീദ് ഷാബിഷിന്റെ കമാന്‍ഡര്‍ വ്യക്തമാക്കി. അല്‍ താഫര്‍ പിടിച്ചെടുത്ത് സിറിയിയില്‍ നിന്നും ഐ.എസ് പോരാളികളെ മൊസൂളില്‍ എത്തിക്കുന്ന പാത അടക്കുകയുമാണ് ഷിയാ പോരാളികളുടെ ദൗത്യം. മൊസൂളിലെ ഭൂരിഭാഗം പ്രദേശങ്ങളും അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തില്‍ ഇറാക്ക് കുര്ദ്ദിശ് സേനകള്‍ പിടിച്ചടക്കി കഴിഞ്ഞു. ഷിയാ പോരാളികള്‍ പടിഞ്ഞാറന്‍ മൊസൂളിലേക്ക് കടക്കുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചങ്ങളാക്കി പ്രതിരോധം തീര്‍ക്കാനാണ് ഐ.എസ് പദ്ധതിയിടുന്നത്.