0302pm
15/02/2016
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒ.എന്‍.വിയെ അനുസ്മരിച്ച് നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാള ഭാഷയുടെ കാവല്‍ഭടനായിരുന്നു ഒ.എന്‍.വിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഒ.എന്‍.വിയുടെ ജന്മദേശമായ ചവറയില്‍ അദ്ദേഹത്തിന്റെ കവിതകളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടുത്തി കലാഗ്രാമം നിര്‍മിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
മാനവികതയുടെ മുന്നണിപോരാളിയെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ എന്‍. ശക്തനും മനുഷ്യപക്ഷത്തു നിന്ന കവിയായിരുന്നു ഒ.എന്‍.വിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അനുസ്മരിച്ചു. കൂടാതെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ നിയമസഭാ കക്ഷി നേതാക്കളും കവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.