9:13am 25/3/2016
കണ്ണൂര്‍: കണ്ണൂരില്‍ വ്യാഴാഴ്ച രാത്രി സ്‌ഫോടനമുണ്ടായത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഖരത്തിന് പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അലവില്‍ പന്ന്യേന്‍പാറ ചീക്കാട്ടുപീടിക സ്വദേശി അനൂപും കുടുംബവും മൂന്നുവര്‍ഷമായി വാടകക്ക് താമസിക്കുന്ന വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന അനൂപിന്റെ മകള്‍ ഹിബ (13) യെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അനൂപിന്റെ ഭാര്യ റാഹിലക്കും പരിസരവാസികളായ രണ്ട് പേര്‍ക്കും പരിക്കുണ്ട്.
തകര്‍ന്ന വീടിന് സമീപത്തെ നിരവധി വീടുകളും സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നു. അനൂപിന്റെ വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് സംശയം.
സ്‌ഫോടനസമയത്ത് ഹിബ മാത്രമേ വീട്ടിനകത്ത് ഉണ്ടായിരുന്നുള്ളൂ. മാതാവ് റാഹില വീടിനു പുറത്തായിരുന്നു. അനൂപും വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ വീടിന്റെ ചെങ്കല്ല് 10 മീറ്റര്‍ ദൂരെവരെ തെറിച്ചുവീണു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി നിലച്ചിരുന്നു.