ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന് വധഭീഷണിയുമായി ഡൽഹിയിൽ പോസ്റ്ററുകൾ. കനയ്യയെ വധിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പോസ്റ്റർ ഇന്ന് രാവിലെയാണ് ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കനയ്യയുടെ നാവ് അറുക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനവുമായി ഉത്തർപ്രദേശ് യുവമോർച്ച പ്രസിഡന്റും രംഗത്തെത്തിയിട്ടുണ്ട്.
ഡൽഹി പ്രസ്ക്ളബ് പരിസരത്ത് പൂർവാഞ്ചൽ സേനയുടെ പേരിലാണ് വധഭീഷണിയുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രതിഫലത്തുക കൈപ്പറ്റാനായി പൂർവാഞ്ചൽ സേനയുടെ പ്രസിഡന്റ് ആദർശ് ശർമയുടെ മൊബൈൽ നമ്പറും പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബി.ജെ.പിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ പ്രാദേശിക നേതാവായ കുല്‍ദീപ് വര്‍ഷിനിയാണ് കനയ്യയുടെ നാക്ക് അറുത്തു വരുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ജാമ്യത്തിലിറങ്ങിയത് മുതല്‍ പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുകയാണ് കനയ്യ. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അഫ്സല്‍ഗുരുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന കനയ്യയുടെ നാക്ക് പിഴുതെടുക്കുന്നവന് താന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കുല്‍ദീപ് വര്‍ഷിനി പറഞ്ഞു.
അതേസമയം, കനയ്യ പൊലീസ് നിരീക്ഷണത്തിലാണ്. കനയ്യയെ സന്ദർശിക്കാനെത്തുന്നവരുടെ വിവരം നൽകാൻ സർവകലാശാല അധികൃതരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.